പിങ്ക് പൊലീസും ഒട്ടും മോശമല്ല, പരാതിക്കാരിക്ക് നടുറോഡില്‍ അഭിസാരിക വിളി

കൊച്ചി: ഉപജീവനത്തിനായി പെട്ടിക്കട നടത്തുന്ന സ്ത്രീയെ പിങ്ക് പൊലീസ് പൊതുജനമധ്യത്തില്‍ അഭിസാരികയെന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഗോശ്രീ പാലത്തിന് സമീപം തട്ടുകട നടത്തുന്ന പ്രസന്ന എന്ന സ്ത്രീ തര്‍ക്ക പരിഹാരത്തിനായി പൊലീസിനെ വിളിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ച കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രസന്നയുടെ പെട്ടികടയുടെ സമീപം മഴക്കോട്ട് വില്‍ക്കുന്ന മറ്റൊരാള്‍ എത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. മഴക്കോട്ട് കച്ചവടം തന്റെ കടയെ മറയ്ക്കുന്നുവെന്നും മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും പ്രസന്ന ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പ്രസന്ന വനിതാ ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തു. അല്‍പ സമയത്തിനകം സ്ഥലത്തെത്തിയ പിങ്ക് പൊലീസ് മോശമായാണ് തന്നോട് പെരുമാറിയതെന്ന് പ്രസന്ന പരാതിയില്‍ പറയുന്നു. കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്നും പരാതി സ്വീകരിക്കില്ലെന്നും പൊലീസ് ഉദ്യോഗസ്ഥ ആക്രോശിച്ചു. നാട്ടുകാര്‍ നോക്കി നില്‍ക്കേ അഭിസാരികയെന്ന് വിളിച്ച ശേഷമാണ് പൊലീസ് സംഘം മടങ്ങിയതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ സ്ത്രീയെ അപമാനിച്ചിട്ടില്ലെന്നാണ് പിങ്ക് പൊലീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തങ്ങള്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ഒരിക്കലും സ്ത്രീകളെ അപമാനിക്കില്ലെന്നും പിങ്ക് പൊലീസ് കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories