നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകിപ്പിക്കാന്‍ പ്രതികളുടെ ശ്രമമെന്ന് കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ വിചാരണക്കോടതി. കേസുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. വിവിധ ആവശ്യങ്ങളുമായി തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ച് കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുകയാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി.

കേസിലെ പ്രതികളായ അഭിഭാഷകര്‍ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകരായിരുന്നു ഇരുവരും. തെളിവ് നശിപ്പിച്ചു എന്ന കുറ്റമാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

തുടര്‍ന്നാണ് കേസ് വേഗത്തിലാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. കേസിലെ പ്രധാനരേഖകളെല്ലാം നല്‍കാന്‍ നേരത്തെ ഉത്തരവിട്ടതാണ്. എന്നാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ തുടര്‍ച്ചയായി കോടതിയെ സമീപിക്കുകയാണ്. ഇത് വിചാരണയ്ക്ക് തടസം സൃഷ്ടിക്കുന്നു. കോടതി അഭിപ്രായപ്പെട്ടു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നായിരുന്നു പള്‍സര്‍ സുനി വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ചോദ്യം ചെയ്തെങ്കിലും ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ നശിപ്പിച്ചെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. തുടര്‍ന്നാണ് തെളിവ് നശിപ്പിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.

KCN

more recommended stories