അവധിക്കാല കൊള്ളക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം

കാഞ്ഞങ്ങാട്: അവധിക്കാലത്തും വിശേഷാവസരങ്ങളിലും നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളികളെ കൊടും ചൂഷണത്തിനിരയാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ടു.കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കഠിനമായ ചൂട് കാരണം ജൂണ്‍ മുതല്‍ ആഗസ്ത് വരെ അവധിക്കാലമാണ്. സ്‌കൂളുകള്‍ അടക്കുന്നതിനാല്‍ കുടുംബസമേതം താമസിക്കുന്നവര്‍ ഇക്കാലയളവിലാണ് നാട്ടിലേക്ക് തിരിക്കാറുള്ളത്.

എന്നാല്‍ എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ വിമാനക്കമ്പനികളും അവധിക്കാല യാത്രക്കാരെ ചൂഷണം ചെയ്യാന്‍ അഞ്ചിരട്ടി വരെ വിമാനനിരക്ക് വര്‍ധിപ്പിക്കുകയും യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുന്നു. കുവൈത്തില്‍ നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്ക് ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത വന്‍ വര്‍ധനവാണ് ഇത്തവണ വിമാനക്കമ്പനികള്‍ നടപ്പിലാക്കിയത്. സാധാരണ മാസങ്ങളില്‍ കുവൈത്തില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് പതിനയ്യായിരം വരെയാണ് സാധാരണ നിരക്കെങ്കില്‍ അവധിക്കാലത്ത് അമ്പതിനായിരത്തിനും മുക്കാല്‍ലക്ഷത്തിനും ഇടയിലാണ് തുക ഈടാക്കിവരുന്നത്.

രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന് ഇപ്പോള്‍ നാട്ടിലെത്തണമെങ്കില്‍ രണ്ടര ലക്ഷം രൂപ വരെ വിമാന ടിക്കറ്റ് നിരക്കായി നല്‍കേണ്ടി വരുന്നു. ഓണം, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങിയ വിശേഷ ദിവസങ്ങളിലും കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിക്കാന്‍ വിമാനക്കമ്പനികള്‍ മത്സരിക്കുന്നുവെന്നും ഈ ചൂഷണത്തിനെതിരെ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജിസിസിയില്‍ പതിനേഴായിരത്തിലധികം അംഗങ്ങളുള്ള ഏറ്റവും വലിയ സംഘടന എന്ന നിലയില്‍ കെകെഎംഎയുടെ ആവശ്യം ഏറെ ഗൗരവത്തോടെ തന്നെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദക സംഘത്തിന് ഉറപ്പു നല്‍കി. വേനലവധി കാലത്തും വിശേഷാവസരങ്ങളിലും കേരളാ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രത്യേക വിമാനസര്‍വ്വീസുകള്‍ വേണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെകെഎംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്ല, മഹമൂദ് അബ്ദുല്ല അപ്സര, പാലക്കി അബ്ദുറഹ്മാന്‍ ഹാജി, ബഷീര്‍ ആറങ്ങാടി, അഡ്വ. സി ഷുക്കൂര്‍, വി അബ്ദുള്‍കരിം എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെ കെ രാഗേഷ് എംപി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

KCN

more recommended stories