റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം കണ്ടെത്താന്‍ തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്‌സ് മെന്റ് വിഭാഗം ജോയിന്റ് കമ്മിഷണര്‍ മിനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്ന് രാവിലെ 8 നാണ് പരിശോധന തുടങ്ങിയത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമെത്തിയ മത്സ്യങ്ങളാണ് പരിശോധനാവിധേയമാക്കിയത്. ഇന്ന് പുലര്‍ച്ചെയെത്തിയ മംഗലപുരം തിരുവനന്തപുരം, മധുര പുനലൂര്‍ എക്‌സ് പ്രസ്, മാവേലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ കൂറ്റന്‍ തെര്‍മോകോള്‍ ബോക്‌സലുകളിലാക്കി കൊണ്ടുവന്ന നെയ്മീന്‍, വേളാപ്പാര, പാര, കരിമീന്‍, കണവ, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങളാണ് പരിശോധിച്ചത്. ശേഖരിച്ച സാമ്ബിളുകളില്‍ രാസവസ്തുക്കളൊന്നും പ്രയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രോളിംഗ് നിരോധനം ലാക്കാക്കി കേരളത്തിലേക്ക് രാസവസ്തുക്കളും ഫോര്‍മാലിനും പ്രയോഗിച്ച മത്സ്യം വന്‍തോതില്‍ കടത്തിക്കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് തിരുവനന്തപുരത്തും പരിശോധന നടന്നത്. റെയില്‍വേ സ്റ്റേഷനിലെത്തിയ മുഴുവന്‍ മത്സ്യവും സാമ്ബിള്‍ ശേഖരിച്ച് പരിശോധിച്ചശേഷം സുരക്ഷിതമാണെന്ന് കണ്ടെത്തിയാലേ വിട്ടുകൊടുക്കൂവെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

കൊല്ലത്തും കൊച്ചിയിലും പരിശോധന
കൊല്ലം, കൊച്ചി, റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി. മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശമാക്കിയിരുന്നു. തുടര്‍ന്ന് ട്രെയിന്‍മാര്‍ഗം കൂടുതല്‍ മത്സ്യം എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് രാവിലെ ഏഴോടെ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം മിന്നല്‍ പരിശോധന നടത്തിയത്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ കെ.അജിത്ത് കുമാര്‍ നേതൃത്വം നല്‍കി. തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച കരിമീനില്‍ പ്രത്യേക കിറ്റ് ഉപയോഗിച്ച് പരിശോധിച്ചെങ്കിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് സാമ്ബിള്‍ തിരുവനന്തപുരത്തെ റിജിയണല്‍ അനലറ്റിക് ലാബിലേക്ക് അയച്ചു.

KCN

more recommended stories