എംബിബിഎസ് പഠനം: വായ്പയെടുത്ത ഡോക്ടര്‍മാര്‍ കടക്കെണിയിലാകും

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജുകള്‍ വന്‍തുക ഫീസ് ഇനത്തില്‍ ഈടാക്കാന്‍ തുടങ്ങിയതോടെ കോഴ്സ് കഴിയുന്നതോടെ ഡോക്ടര്‍മാര്‍ കടക്കെണിയിലാകും.

രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ശരാശരി 10 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസിനിത്തില്‍ വാങ്ങുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളില്‍പോലും ഉയര്‍ന്ന ഫീസാണ് ഈടാക്കുന്നത്.

ഹോസ്റ്റല്‍, മെസ്, ലൈബ്രറി, പരീക്ഷ തുടങ്ങിയവയ്ക്ക് വേറെയും ഫീസ് അടയ്ക്കണം. ഇതോടെ കോഴ്സ് പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും വേണ്ടിവരും.

50 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താല്‍ പ്രതിമാസം 60,000 രൂപയെങ്കിലും തിരിച്ചടയ്ക്കേണ്ടിവരും. സര്‍ക്കാര്‍ തലത്തില്‍പോലും എംബിബിഎസ് ഡോക്ടര്‍ക്ക് ലഭിക്കുന്ന തുടക്ക ശമ്ബളം ശരാശരി 45,000 രൂപയാണ്. സ്വകാര്യമേഖലയില്‍ ഇതിലും മോശമാണ് സ്ഥിതി.

നാലര വര്‍ഷത്തെ എംബിബിഎസ് പഠനത്തിനുശേഷമുള്ള ഒരുവര്‍ഷത്തെ ഹൗസ് സര്‍ജന്‍സി സമയത്ത് പ്രതിമാസം ലഭിക്കുന്ന പരമാവധി സ്‌റ്റൈപ്പന്റ് 25,000 രൂപമാത്രമാണ്.

ഏഴു മുതല്‍ 10 ലക്ഷം രൂപവരെയാണ് ബാങ്കുകള്‍ ഈടില്ലാതെ പമാവധി നല്‍കുന്ന വിദ്യാഭ്യാസ വായ്പ. ഭൂമിയോ മറ്റോ പണയംവെച്ചുവേണം ഉയര്‍ന്നതുകയുടെ വായ്പ സംഘടിപ്പിക്കാന്‍.

10 മുതല്‍ 12.5ശതമാനംവരെയാണ് വായ്പയുടെ പലിശ. 10 മുതല്‍ 12 വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കുകയുംവേണം. വിദ്യാഭ്യാസ വായ്പ ഒഴിവാക്കിയാല്‍ പണക്കാര്‍ക്കുമാത്രമാകും മെഡിക്കല്‍ വിദ്യാഭ്യാസം ലഭിക്കുക.

KCN

more recommended stories