തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ വേട്ട; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: അരക്കോടിയിലേറെ വിലയുള്ള സ്വര്‍ണാഭരണങ്ങളുമായി വിമുക്ത ഭടനെ നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പിടികൂടി. എറണാകുളം ആലുവ കറുകുറ്റി കാളപറമ്പില്‍ വീട്ടില്‍ പത്രോസിന്റെ മകന്‍ സെബി(49)യാണ് പിടിയിലായത്. പുലര്‍ച്ചെ ഏഴോടെ നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ട് വാഹനം വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രണ്ടു കിലോയോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ മതിയായ രേഖയോ ബില്ലോ ഇയാളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. നികുതി വെട്ടിച്ച് അനധികൃതമായി തലസ്ഥാനത്തെ ജുവലറികളിലേയ്ക്ക് വില്‍പനയ്ക്കായി കൊണ്ടുവന്ന സ്വര്‍ണമാണിതെന്നാണ് സംശയിക്കുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം ആദായനികുതി വകുപ്പിന് കൈമാറും.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാനവാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍. രതീഷ്, എസ്. സനല്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി .ശങ്കര്‍, ആര്‍.രാജീവ്, എം. വിശാഖ്, വി.വി.വിനോദ്, എസ്.എസ്. ബിജുകുമാര്‍, എസ്. ബിജു, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടിച്ചത്.

KCN

more recommended stories