ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് കര്‍ഷക അവാര്‍ഡ് ജേതാവ് ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട്: കാര്‍ഷിക ബാങ്കില്‍ നിന്ന് പത്തു വര്‍ഷം മുമ്പ് എടുത്ത വായ്പാ കുടിശ്ശികയുടെ പേരില്‍ ജപ്തി നോട്ടീസ് ലഭിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മടിക്കൈ ബങ്കളം പള്ളത്തുവയലിലെ കൊട്ടന്‍ (60) ആണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്. നീലേശ്വരം കാര്‍ഷിക ബാങ്കില്‍ നിന്ന് പത്ത് വര്‍ഷം മുമ്പാണ് കൊട്ടന്‍ നാലു ലക്ഷം രൂപ വായ്പ എടുത്തത്. അതില്‍ കുടിശ്ശികയായി ഇപ്പോഴും നാലു ലക്ഷത്തോളം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നതായും തുടര്‍ന്ന് വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് കഴിഞ്ഞ ദിവസം കിട്ടിയതായും മകന്‍ അശോകന്‍ പറഞ്ഞു. ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനം നൊന്താണ് അച്ഛന്‍ ആത്മഹത്യ ചെയ്തത് എന്നാണ് അശോകന്‍ പൊലീസില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്. ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചശേഷം മാനസികമായി തകര്‍ന്ന നിലയിലായിരുന്നത്രേ ഇയാള്‍. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ കാണാതായ കൊട്ടനെ തിരയുന്നതിനൊടുവില്‍ രാത്രി പന്ത്രണ്ട് മണിയോടെയാണ് വീട്ടിനടുത്തുള്ള പഴയ തറവാട് വീട്ടില്‍ കഴുക്കോലില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ചിങ്ങത്തില്‍ മടിക്കൈ പഞ്ചായത്ത് അധികൃതര്‍ കൊട്ടനെ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്തിരുന്നു. ചടങ്ങില്‍ വച്ച് നിരവധി സംഘടനകള്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തിരുന്നു. സ്വന്തമായി സ്ഥലം കുറവായതിനാല്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത് മികച്ച വിള കൊയ്തെടുത്ത് മാതൃകാ കര്‍ഷകനായി അംഗീകാരം നേടിയ കൊട്ടന്റെ മുഖചിത്രവുമായാണ് കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്റെ കര്‍ഷകശ്രീ പുസ്തകം പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം നേരിട്ട കൊട്ടന് പക്ഷേ, നഷ്ടപരിഹാരമൊന്നും ലഭിച്ചിരുന്നില്ലത്രേ. ഭാര്യ: വെള്ളച്ചി. മറ്റുമക്കള്‍: സോമന്‍, അനീഷ്, ഉഷ, ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

KCN

more recommended stories