കരുണാനിധി അന്തരിച്ചു

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ ദിവ്യ തേജസ്സായിരുന്ന നേതാവ് കലൈഞ്ജര്‍ എം. കരുണാനിധി(95) ഇനി ഓര്‍മ്മ. പ്രായാധിക്യം മൂലമുള്ള അവശതകളിലിരിക്കുകയായിരുന്നു ദ്രാവിഡ രാഷ്ട്രീയത്തിലെ അതികയനായിരുന്ന കരുണാനിധിയുടെ അന്ത്യം സംഭവിച്ചത്. രക്ത സമ്മര്‍ദ്ദം താഴ്ന്നത് മൂലം കരുണാനിധിയെ ഒരാഴ്ച്ചയായി കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. ചെന്നൈ ഗോപാല പുരത്തെ വീട്ടില്‍ ആശുപത്രിക്ക് തുല്യമായ സന്നാഹത്തോടെ ചികിത്സ നടത്തി വരികയായിരുന്നു.

ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് അര നൂറ്റാണ്ട് തികഞ്ഞ ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭിവിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ സന്ദര്‍ശിക്കാനായി വിവിധ രാഷ്ട്രീയ നേതാക്കള്‍ ചെന്നൈയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയ രാഷ്ട്രീയനേതാക്കളാണ് അദ്ദേഹത്തെ കാണാനെത്തിയത്. 1969 ജൂലൈ 27നാണ് അദ്ദേഹം ഡിഎംകെയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വളരെ അപൂര്‍വമായാണ് ഇത്രയും കാലം ഒരാള്‍ തന്നെ മുഖ്യമായൊരു പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നത്.

ജീവിതം തുടങ്ങിയപ്പോള്‍

നാഗപട്ടണം ജില്ലയില്‍ മുത്തുവേലുവിന്റെയും അഞ്ചുവിന്റെയും മകനായി 1924 ജൂണ്‍ മൂന്നിന് ജനിച്ചു. ദക്ഷിണാമൂര്‍ത്തിയെന്നാണ് യഥാര്‍ത്ഥ പേര്. സ്‌കൂള്‍ കാലഘട്ടം മുതലേ നാടകം,ഗാനരചന, സാഹിത്യം എന്നിവയില്‍ ഏറെ തല്‍പരനായിരുന്നു അദ്ദേഹം. 14ാം വയസ്സില്‍ സ്പീക്കര്‍ അഴഗിരി സാമിയുടെ വാക്കുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കരുണാനിധി പൊതു പ്രവര്‍ത്തനത്തില്‍ എത്തുന്നത്. സര്‍വ വിദ്യാര്‍ത്ഥി ക്ലബ് എന്ന പേരില്‍ രൂപപ്പെട്ട സംഘടനയാണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി സംഘടന.

മറ്റ് അംഗങ്ങള്‍ക്കൊപ്പം കരുണാനിധിയും പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി. 1953ല്‍ കല്ലഗുഡി എന്ന സ്ഥലത്തിന് ഡാല്‍മിയ പുരം എന്ന പേരിടാനുള്ള ശ്രമമുണ്ടായപ്പോള്‍ അതിനെതിരെ ശക്തമായി കരുണാനിധി പ്രതികരിച്ചിരുന്നു. ഡാല്‍മിയ സിമന്റ് കമ്ബനി ഈ ഭാഗത്ത് പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പേര് മാറ്റാനുള്ള നീക്കം. ഇതിനിടെ കരുണാനിധിയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞ സംഭവം വരെയുണ്ടായി. കമ്ബനിക്കെതിരെ നടന്ന ശക്തമായ പ്രക്ഷോഭത്തില്‍ പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കരുണാനിധി അറസ്റ്റിലായിരുന്നു.
രാഷ്ട്രീയ അങ്കത്തട്ടിലേക്ക്

1957ലെ തിരഞ്ഞെടുപ്പില്‍ കുലിത്തലൈ എന്ന സ്ഥലത്ത് വിജയം നേടിയാണ് കരുണാനിധി തമിഴ് രാഷ്ട്രീയത്തിലേക്ക് കാലു വച്ചത്. 1961ല്‍ ഡിഎംകെ ട്രഷററും 1962ല്‍ പ്രതിപക്ഷ ഉപനേതാവുമായി. 1967ല്‍ ഡിഎംകെ അധികാരത്തിലെത്തിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയായി. 1969ല്‍ അണ്ണാദുരൈ മരണപ്പെട്ടപ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രിയായി. 1980കളില്‍ കരുണാനിഝി മന്ത്രിസഭയെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിട്ട സംഭവവുമുണ്ടായി. ജയലളിതയുടെ എഐഎഡിഎംകെയോട് 2001ല്‍ കരുണാനിധി തോറ്റിരുന്നു. എന്നാല്‍ 2006ലെ തിരഞ്ഞെടുര്രില്‍ ജയലളിതയെ തോല്‍പിച്ച് കരുണാനിധി വീണ്ടും അധികാരത്തിലെത്തി. 1957 മുതല്‍ 2016 വരെയുള്ള തിരഞ്ഞെടുപ്പുകളിലൂടെ 13 തവണയാണ് അദ്ദേഹം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
രാഷ്ട്രീയ പ്രവേശന കാലം മുതല്‍ കരുണാനിധി എടുത്തിരുന്ന നിലപാട് എന്നും ഓര്‍മ്മിക്കപ്പെട്ട ഒന്നാണ്. അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് പെരിയോറും പ്രിയ ശിഷ്യന്‍ അണ്ണാദുരൈയും വഴിമാറിയപ്പോള്‍ കരുണാനിധി അണ്ണാദുരൈയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണുണ്ടായത്. സാമൂഹികനീതിയും പ്രാദേശിക വാദവുമുയര്‍ത്തി ഡിഎംകെ തമിഴക രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചപ്പോള്‍ അതിന്റെ ആദര്‍ശമുഖം അണ്ണാദുരൈയും തന്ത്രങ്ങളുടെ തലപ്പത്ത് കരുണാനിധിയുമായിരുന്നു. സംസ്ഥാനത്തു പാര്‍ട്ടി അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനു ശേഷം, 1969ല്‍ അണ്ണാദുരൈ ജീവിതത്തില്‍ വിടവാങ്ങിയപ്പോള്‍ പിന്‍ഗാമിയാകാനുള്ള മല്‍സരത്തില്‍ നെടുഞ്ചെഴിയനുള്‍പ്പെടെയുള്ള പ്രമുഖരുണ്ടായിരുന്നു.

എംജിആറിന്റെ കൂടി പിന്തുണയോടെയാണ് മുഖ്യമന്ത്രി പദത്തിലേക്കു കരുണാനിധി നടന്നുകയറിയത്. തൊട്ടുപിന്നാലെ, 1969 ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി അവരോധിതനായി. പെരിയോര്‍ രാമസാമിയോടുള്ള ആദരസൂചകമായി അണ്ണാദുരൈ പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. 1969 മുതല്‍ അഞ്ചുതവണ മുഖ്യമന്ത്രിയായ കരുണാനിധി വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കണ്ടു. പഴയ സുഹൃത്ത് എംജിആര്‍ അണ്ണാഡിഎംകെ രൂപീകരിച്ചതിനു പിന്നാലെ 10 വര്‍ഷം അധികാരത്തില്‍ നിന്നും പുറത്തായി.
എങ്കിലും പാര്‍ട്ടിയെ ശക്തിയോടെ സ്വന്തം കീഴില്‍ നിര്‍ത്താന്‍ കരുണാനിധിക്ക് കഴിഞ്ഞു. എംജിആറിനു ശേഷം ജയലളിത വന്നപ്പോഴും ഡിഎംകെ തലപ്പത്തു തലയെടുപ്പോടെ കരുണാനിധിയുണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പ്, 2016 അവസാനം ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്മാറുന്നതുവരെ ഡിഎംകെയുടെ അവസാന വാക്ക് കലൈജ്ഞറുടേതായിരുന്നു. അഴിമതിയും കുടുംബ രാഷ്ട്രീയവുമൊക്കെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും തമിഴ് മനസ്സില്‍ കരുണാനിധി ഇപ്പോഴും രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈജ്ഞര്‍ തന്നെ.

KCN

more recommended stories