ബേക്കല്‍ കോട്ടയില്‍ പ്രവേശന ഫീസ് കുത്തനെ കൂട്ടി അധികൃതര്‍

ഉദുമ : അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കല്‍ കോട്ടയില്‍ ഒറ്റയടിക്ക് പ്രവേശന ഫീസ് ഇരട്ടിയോളമാക്കിയത് സന്ദര്‍ശകര്‍ക്ക് ഇരുട്ടടിയായി. കോട്ടയ്ക്കകത്ത് സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെയാണ് ഫീസ് വര്‍ധന. ഒരു മൂത്രപുര പോലും ഇതിനകത്ത് ഇല്ല. മഴയത്തും വെയിലത്തും സഞ്ചാരികള്‍ക്ക് കയറി നില്‍ക്കാന്‍ ഇടമില്ല . കോട്ടക്കകത്തെ റസ്റ്റ് ഹൗസ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. സഞ്ചാരികള്‍ക്ക് സൂര്യാസ്തമയം കാണാന്‍ പോലും അവസരമില്ല. ആറു മണി കഴിഞ്ഞാല്‍ വിസില്‍ ഊതി സെക്യൂരിറ്റി ക്കാര്‍ സഞ്ചാരികളെ ആട്ടിയോടിക്കുന്നു.
രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലേക്കുമുള്ള പ്രവേശന ഫീസ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശക ഫീസ് കുത്തനെ കൂട്ടിയത്. ആഭ്യന്തര സന്ദര്‍ശകര്‍ക്ക് 15 രൂപയുണ്ടായിരുന്നത് 25 രൂപയായാണ് വര്‍ധിപ്പിച്ചത്. വിദേശികള്‍ക്ക് 200 രൂപയുണ്ടായിരുന്ന ഫീസ് 300 രൂപയായി വര്‍ധിപ്പിച്ചു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് നിരക്ക് കൂട്ടിയത്. നിരക്ക് വര്‍ധന ബുധനാഴ്ച തന്നെ പ്രാബല്യത്തില്‍ വന്നു. ബേക്കല്‍ കോട്ടയില്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് സന്ദര്‍ശക ഫീസ് ആവശ്യമില്ല. ഫീസ് അടിക്കടി വര്‍ധിപ്പിക്കുന്നത് കാരണം ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന വരുടെ എണ്ണം കുറയുന്നതായി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. രണ്ടര വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ ഫീസ് വര്‍ധിപ്പിക്കുന്നത്.

KCN

more recommended stories