കനത്ത മഴ: ജില്ലയില്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞു; കര്‍ഷകര്‍ ആശങ്കയില്‍

കാസര്‍കോട്: കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് ഓണ വിപണി ലക്ഷ്യമിട്ട് പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. പ്രതീക്ഷിക്കപ്പെട്ട ഉല്‍പ്പാദനം നടന്നില്ലെങ്കില്‍ ഓണ വിപണിയില്‍ വന്‍ വിലക്കയറ്റത്തിന് സാധ്യത. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നല്ല തോതിലുള്ള വേനല്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. അതിനാല്‍ കാലവര്‍ഷത്തിന് കാത്തുനില്‍ക്കാതെ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പച്ചക്കറി കൃഷിയിറക്കിയിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ ആരംഭിച്ച കാലവര്‍ഷം കനത്ത തോതില്‍ തുടരുന്നതിനാല്‍ കൃഷി ഉദ്ദേശിച്ച രീതിയിലെത്തിയില്ല. ആവശ്യത്തിന് വളപ്രയോഗവും മറ്റു കാര്‍ഷിക ജോലികളോ ചെയ്യാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പ്പാദനത്തില്‍ വലിയ കുറവാണ് ഇത്തവണ അനുഭവപ്പെടുന്നത്. നരമ്പന്‍, കക്കിരി എന്നിവ ഒഴിച്ചു നിര്‍ത്തിയാല്‍ ജില്ലയിലെ പ്രധാന പച്ചക്കറി വിളകളായ പാവല്‍, പയര്‍, വെള്ളരി എന്നിവയൊന്നും വിപണിയിലെത്തി തുടങ്ങിയിട്ടില്ല. പ്രതികൂല കാലാവസ്ഥ കാരണം ഇവയുടെ ഉല്‍പ്പാദനം ആരംഭിച്ചിട്ടില്ല. തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും കനത്ത മഴ തുടരുന്നതുമാണ് ഉല്‍പ്പാദനം കുറയാന്‍ ഇടയാക്കുന്നത്. ഓണാഘോഷത്തിന് ഇനി രണ്ട് ആഴ്ച്ചകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. രണ്ട് ദിവസത്തിനുള്ളില്‍ മഴ മാറി നിന്നില്ലെങ്കില്‍ അത് പച്ചക്കറി മേഖലയെ പ്രതികൂലമായി ബാധിക്കും.

ഇത്തവണ ഓണ വിപണിയിലെത്തിക്കുന്ന പച്ചക്കറികള്‍ പത്തു ശതമാനം അധിക വില നല്‍കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിപണിയിലെത്തിക്കാന്‍ മതിയായ പച്ചക്കറികള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഗുണം ലഭിക്കാനിടയില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കാത്ത ശീതകാല പച്ചക്കറികള്‍ക്കായി വയനാട്, ഇടുക്കി ജില്ലകളെയാണ് പൊതുവെ ആശ്രയിക്കാറ്. എന്നാല്‍ കനത്ത മഴയിലും പ്രകൃതി ക്ഷോഭത്തിലും പ്രസ്തുത ജില്ലകളിലെ ശീതകാല പച്ചക്കറിത്തോട്ടങ്ങളെല്ലാം നശിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ഇത്തവണ ഓണ വിപണി കൈയടക്കുക കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണ്. ഇതു വിലക്കയറ്റത്തിന് ഇടയാക്കുമോ എന്ന ആശങ്കയുമുണ്ട്.

KCN

more recommended stories