റിയാസ് മൗലവി വധക്കേസ്: വിചാരണ ഒക്ടടോബര്‍ 8 ന് ആരംഭിക്കും

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബര്‍ എട്ടിന് ആരംഭിക്കും. ചൊവ്വാഴ്ച കേസ് പരിഗണനയ്ക്കെടുത്തപ്പോഴാണ് വിചാരണ തീയതി ജില്ലാ സെഷന്‍സ് കോടതി പ്രഖ്യാപിച്ചത്. കേസില്‍ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതിക്ക് തീരുമാനം കൈകൊള്ളാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ കോടതി തീരുമാനം ഒന്നും കൈകൊണ്ടില്ല. വിചാരണ ഘട്ടത്തില്‍ മാത്രമെ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാവുകയുള്ളൂവെന്നാണ് അറിയുന്നത്.

2017 മാര്‍ച്ച് 20 ന് രാത്രി 12.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടക് ഹൊഡബ സ്വദേശിയായ റിയാസ് മൗലവിലെ ചൂരിയിലെ പള്ളിക്ക് സമീപത്തെ താമസസ്ഥലത്തു കയറി മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സണ്ണകൂഡ്ലുവിലെ എന്‍ അഖിലേഷ് (25), കേളുഗുഡ്ഡെ അയ്യപ്പ നഗറിലെ എസ് അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡയിലെ എസ് നിതിന്‍(18) എന്നിവരാണ്് കേസിലെ പ്രതികള്‍. ഇവരെ സംഭവം നടന്ന് രണ്ടാം ദിവസം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കേസില്‍ സെപെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. പ്രതികള്‍ക്ക് വേണ്ടി ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് ഹാജരാകുക. നേരത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ വിചാരണ മാറ്റണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാറ്റിവെക്കുകയായിരുന്നു.

KCN

more recommended stories