സാലറി ചാലഞ്ച്: ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്യൂലറിനെതിരെ ബിജെപി

കാസര്‍കോട്: പ്രളയ ദുരിതാശ്വാസത്തിനുള്ള സാലറി ചാലഞ്ചില്‍ നോ പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്മാരെ ഉദ്ദേശിച്ചു ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസ് ഇറക്കിയ സര്‍ക്യൂലര്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. ശബരിമലയില്‍ ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഭരണ നേതൃത്വത്തിന്റെ ഔദാര്യമായി ലഭിക്കുന്നതാണെന്ന് പറയുന്ന ജില്ല പോലീസ് മേധാവി ഭരണ വര്‍ഗത്തെ പ്രീതിപ്പെടുത്തുവാനാണ് ഇത്തരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രേഡും സ്ഥാനക്കയറ്റവും നല്‍കുന്നത് സര്‍ക്കാരിന്റെ ഔദാര്യമായാണ് പറയുന്നത് ഉചിതമല്ല. അത് അവരുടെ അവകാശമാണ്. ഭരണപക്ഷത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണിത്. രാഷ്ട്രീയ യജമാനരെ പിണക്കിയാല്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിയുടെ സ്വരം ഇതിലുണ്ട്. ഭരണ പക്ഷത്തിലെ ഉന്നതരുടെ സമ്മര്‍ദ്ദമൂലമാണ് ഈ ഉത്തരവെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

പോലീസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുന്നതിന്റെ തെളിവാണിത്. പ്രളയ ദുരിതാശ്വാസത്തിനു സഹായിക്കേണ്ടത് ഓരോ പൗരന്റെയും ധാര്‍മിക ഉത്തരവാദിത്വമാണ്. നിയമപരമായ കടമയല്ല. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ ഇത് അടിച്ചേല്‍പ്പിക്കുകയാണ്. ദുരിതാശ്വാസ നിധിക്ക് സംഭാവന ചെയ്യാനുള്ള സാഹചര്യത്തെ ബോധ്യപ്പെടുത്തി സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഭാവന ചെയ്യിക്കുന്നതിനു പകരം ഉത്തരവുകള്‍ പുറപ്പെടുവിച്ച് നിര്‍ബന്ധപൂര്‍വം പണം പിടിച്ചുപറിക്കുകയാണെന്നും ബിജെപി ആരോപിച്ചു. എസ്പി പുറത്തിറക്കിയ നിയമ വിരുദ്ധമായ ഉത്തരവ് പിന്‍വലിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.

KCN

more recommended stories