ബാലഭാസ്‌കറിന് കലാകേരളം കണ്ണീരോടെ വിട നല്‍കി

തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച യുവസംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറിന് കലാകേരളം കണ്ണീരോടെ വിട നല്‍കി. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ തിരുമല വിജയമോഹിനി മില്ലിന് സമീപത്തെ ഹിരണ്‍മയ വീട്ടില്‍ നിന്ന് അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം വിലാപയാത്രയായി തൈയ്ക്കാട് ശാന്തി കവാടത്തിലെത്തിച്ച ബാലഭാസ്‌കറിന്റെ മൃതദേഹം 11.15 മണിയോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സുരേഷ് ഗോപി എം.പി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഗീത ലോകത്തെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ വന്‍ജനാവലി ബാലഭാസ്‌കറിന് അന്ത്യോപചാരം അര്‍പ്പിച്ചു.
രാവിലെ പത്തരമണിയോടെ ചടങ്ങുകള്‍ക്ക് ശേഷം തൈക്കാട് ശ്മശാനത്തിലേക്കുള്ള വിലാപയാത്രയിലും സംഗീത സിനിമ ലോകത്തെ പ്രമുഖരും ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളുമുള്‍പ്പെടെ വന്‍ ജനസഞ്ചയമാണ് പങ്കെടുത്തത്.

പ്രിയതമന്റെയും മകള്‍ തേജസ്വി ബാലയുടെയും വിയോഗമറിയാതെ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ ശാന്തകുമാരിയും സി.കെ.ചന്ദ്രനും ലക്ഷ്മിയുടെ മാതാപിതാക്കളായ ഓമനകുമാരിയും സുന്ദരേശന്‍ നായരും സഹോദരി മീരയും ഉറ്റബന്ധുക്കളും അന്ത്യോപചാരം അര്‍പ്പിക്കവേ വിങ്ങിപ്പൊട്ടി. ഇവരുടെ ദു:ഖം കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു.

ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്ബിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് ബാലഭാസ്‌കറും മകള്‍ തേജസ്വനിയും മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം അനുഭവപ്പെടുകയും ബാലഭാസ്‌കറിന്റെ മരണം സംഭവിക്കുകയുമായിരുന്നു.

വയലിനിലൂടെ സംഗീത ലോകത്ത് വിസ്മയം സൃഷ്ടിച്ച ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നഗരം കണ്ണീര്‍ വാര്‍ത്ത ദിനമായിരുന്നു കഴിഞ്ഞുപോയത്. ബാലഭാസ്‌കര്‍ പഠിച്ച യൂണിവേഴ്സിറ്റി കോളജില്‍ കലാകേരളം അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ചു. ഹിരണ്‍മയയിലും രാത്രി വൈകും വരെയും ബുധനാഴ്ച പുലര്‍ച്ചെ മുതലും സംഗീതസ്നേഹികളുടെയും ആരാധകരുടെയും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

KCN

more recommended stories