ഹജ്ജ് അപേക്ഷ സമര്‍പ്പണം ഡിസംബര്‍ 12 വരെ നീട്ടി

കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബര്‍ 12വരെ നീട്ടി. ശനിയാഴ്ച്ച ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മറ്റിയോഗത്തിന് ശേഷമാണ് തീയതി നീട്ടിയത്. കഴിഞ്ഞ മാസം 18ന് ആരംഭിച്ച അപേക്ഷ സ്വീകരണം ശനിയാഴ്ച്ചവരെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പടെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഈവര്‍ഷം ഹജ്ജ് അപേക്ഷകള്‍ കുറവായതിനാല്‍ കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാനുളള സമയം അനുവദിക്കുകയായിരുന്നു. ഡിസംബര്‍ 12ന് വൈകുന്നേരം മൂന്ന് മണിക്കുളളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇവരുടെ വിവരങ്ങളടങ്ങിയ ഡാറ്റാഎന്‍ട്രി ഡിംസബര്‍ 21നകം സംസ്ഥാന ഹജ്ജ് കമ്മറ്റികള്‍ കേന്ദ്രഹജ്ജ് കമ്മറ്റിക്ക് കൈമാറണം. ഹജ്ജ് നറുക്കെടുപ്പ് ഡിസംബര്‍ അവസാനത്തില്‍ നടക്കും. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ കഴിഞ്ഞ ദിവസം വരെ 30557 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 922 പേര്‍ 70 വയസ്സിന് മുകളില്‍ പ്രായമുളളവരുടെ റിസര്‍വ്വ് കാറ്റഗറിയില്‍ പെട്ടവരാണ്. ഇവര്‍ക്ക് നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം ലഭിക്കും. 45 വയസിന് മുകളില്‍ പ്രായമുളള പുരുഷമെഹറമില്ലാതെ 1042 സ്ത്രീ അപേക്ഷകരുമുണ്ട്. ജനറല്‍ വിഭാഗത്തില്‍ 28593 അപേക്ഷകരുമാണുളളത്.

KCN

more recommended stories