അന്താരാഷ്ട്ര പട്ടം പറത്തല്‍ മേള ഡിസംബര്‍ 21 മുതല്‍

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഒരുക്കുന്ന മലബാര്‍ ഇന്റര്‍ നാഷണല്‍ കൈറ്റ് ഫെസ്റ്റ് സീസണ്‍ മൂന്ന്, ഡിസംബര്‍ 21, 22, 23 തിയ്യതികളിലായി ബേക്കല്‍ ഫോര്‍ട്ട് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും. വിദേശികളും, തദ്ധേശീയരുമായ വിനോദ സഞ്ചാരികളെയും സന്ദര്‍ശകരെയും ഒരു പോലെ ആകര്‍ഷിച്ച മുന്‍ വര്‍ഷങ്ങളിലെ പട്ടം പറത്തല്‍ മേളയുടെ വന്‍ വിജയമാണ് ഈ വര്‍ഷവും പട്ടം പറത്തല്‍ മേള സംഘടിപ്പിക്കാന്‍ പ്രചോദനമായതെന്ന് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. പട്ടം പറത്തല്‍ മേളയുടെ ലോഗോ പ്രകാശനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുവ വ്യവസായി രഞ്ജിത് ജഗന് നല്‍കി പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാറില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ യാതൊരുവിധത്തിലുള്ള സാമ്പത്തിക സഹായവും സ്വീകരിക്കാതെയാണ് ഇത്തരത്തിലുള്ള പരിപാടി ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്. സന്നദ്ധ സേവന രംഗത്ത് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ജില്ലയിലെ ജനമനസ്സുകളിലുള്ള സ്വീകാര്യതയാണ് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ പിന്‍ബലമെന്ന് പ്രസിഡണ്ട് സുകുമാരന്‍ പൂച്ചക്കാട്, ഭാരവാഹികളായ എം.ബി ഹനീഫ്, പി എം നാസര്‍ , പ്രകാശന്‍ മാസ്റ്റര്‍, ഷൗക്കത്തലി, അഷ്റഫ് കൊളവയല്‍, മുനീര്‍ കെ എം കെ , മുഹാജിര്‍ കെ തുടങ്ങിയവര്‍ പറഞ്ഞു. ജില്ലയിലെ പൊതുജനങ്ങള്‍ക്ക് കുടുംബസമേതം ആസ്വദിക്കാന്‍ പട്ടം പറത്തല്‍ മത്സരം, കുട്ടികള്‍ക്ക് പട്ടം പറത്തലിന്റെയും, നിര്‍മ്മാണത്തിന്റെയും പരിശീലനം നല്‍കുന്ന കൈറ്റ് ക്രാഫ്റ്റ്, മൂന്ന് ദിവസങ്ങളിലും സായാഹ്നങ്ങളില്‍ കേരളത്തിന്റെ തനത് കലകളായ തിരുവാതിര, കഥകളി, ഒപ്പന, അരവനമുട്ട്, ഗാനമേള, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും ഒരുക്കിയതായി സംഘാടകര്‍ പറഞ്ഞു. സിംഗപൂര്‍, മലേഷ്യ, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പട്ടം പറത്തല്‍ വിദഗ്ദര്‍ വിവിധ വര്‍ണ്ണങ്ങളിലും, വലുപ്പത്തിലും രൂപത്തിലുമുള്ള പട്ടങ്ങള്‍ ബേക്കലിലെ വാനില്‍ പറത്തുമെന്ന് സംഘാടകരായ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ഭാരവാഹികള്‍ അറിയിച്ചു.

KCN

more recommended stories