പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഹരിത കര്‍മ സേന ഉദുമയിലെ വീടുകളിലെത്തും

ഉദുമ: ഉദുമ പഞ്ചായത്തിലെ വീടുകളിലും കടകളിലും മറ്റു സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഇനി വലിച്ചെറിയേണ്ടതില്ല. ഇവ ശേഖരിക്കാന്‍ ഹരിത കര്‍മ സേന അംഗങ്ങള്‍ നിങ്ങളുടെ വീടുകളിലും കടകളിലും എത്തും. മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരണ യൂണിറ്റുകളില്‍ എത്തിക്കുന്ന ഹരിത കര്‍മ സേന ഉദുമ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാലിന്യമില്ലാത്ത, രോഗം ഇല്ലാത്ത ഹരിത ഗ്രാമം എന്ന ലക്ഷ്യത്തോടെ 42പേരടങ്ങുന്ന സംഘമാണ് പഞ്ചായത്തിലെ ഹരിത കര്‍മ സേനയില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ വാര്‍ഡിലെ വീടുകളിലും കടകളിലും ഹരിതസേനയുടെ രണ്ട് വീതം അംഗങ്ങള്‍ എത്തും.
പ്ലാസ്റ്റിക്ക് കഴുകി വൃത്തിയാക്കിയ ശേഷമാണ് സേനാംഗങ്ങള്‍ക്ക് കൈമാറേണ്ടത്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം ഉദുമയിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തിച്ച് സംസ്‌കരിക്കും. പഞ്ചായത്തിന്റെ കീഴിലുള്ള 21 വാര്‍ഡുകളില്‍ നിന്നും മാസത്തില്‍ ഒരു ദിവസമാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. ഇതിന് പ്രതിമാസം യൂസര്‍ ഫീ ഈടാക്കും.
ഹരിത സേനയുടെ പ്രവര്‍ത്തനോദ്ഘാടനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. പ്രഭാകരന്‍ തെക്കേക്കര, സൈനബ അബൂബക്കര്‍, മെമ്പര്‍മാരായ കാപ്പില്‍ മുഹമ്മദ് പാഷ, എന്‍. ചന്ദ്രന്‍ നാലാംവാതുക്കല്‍, പഞ്ചായത്ത് സെക്രട്ടറി പി. ദേവദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി.വി മുരളീധരന്‍ പള്ളം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. പുഷ്പലത, വിഇഒ കെ.വി ഷജിന്‍ പ്രസംഗിച്ചു.

KCN

more recommended stories