ചരിത്രകൗതുകമുണര്‍ത്തി ഗോത്ര സംസ്‌കൃതി പ്രദര്‍ശനം

കാസര്‍കോട്: ഗദ്ദിക മേളയില്‍ ചരിത്ര കൗതുകമുണര്‍ത്തുന്ന ഗോത്ര സംസ്‌കൃതി പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കിര്‍ടാഡ്സിന്റെ ആഭിമുഖ്യത്തിലാണ് ഗോത്ര സംസ്‌കൃതി പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ഗോത്ര വിഭാഗങ്ങളുടെ ആയുധങ്ങള്‍, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തില്‍ ഉള്‍കൊളളിച്ചിരിക്കുന്നത്. ഓടുന്ന മൃഗത്തെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മൊട്ടമ്പ്, പുലിയെ വലയിലാക്കിയശേഷം കുത്തി കൊല്ലാന്‍ ഉപേയാഗിച്ച പുലികുന്തം, കത്തിയമ്പ്, അമ്പ് തള്ള തുടങ്ങിയ പ്രാകൃത ആയുധങ്ങള്‍ സന്ദര്‍ശകരില്‍ കൗതുകം ഉണ്ടാക്കുന്നു. വിവിധ തരം പരമ്പരാഗത ആഭരണങ്ങളായ താലി, പതക്കം, കുണ്ട് കമ്മല്‍, ഓലെ, വെള്ളി അരഞ്ഞാണം, കൈത്തണ്ടെ തുടങ്ങിയവയുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ട്. വീട്ടുപകരണങ്ങളായ വീശുകല്ല്, തെരിക, കുട്ട, മാനിച്ചൂല്, പുട്ട് കവരി, ഗുലുമ, മുറം, ഉറി തുടങ്ങിയവയുടെ ശേഖരവും ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പഴയ കാല സംസ്‌കൃതിയെയും ചരിത്രത്തെയും അടുത്തറിയാനുള്ള അവസരമാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

KCN

more recommended stories