വര്‍ണ്ണലോകത്ത് വരകളുടെ വിസ്മയം തീര്‍ത്ത് അമ്മാളുവമ്മ

പെരിയ : നിറം മങ്ങിയ ജീവിതത്തില്‍ വരകളുടെ വര്‍ണ്ണവിസ്മയം തീര്‍ത്ത് തിളക്കം കൂട്ടുന്ന അമ്മാളുവമ്മ വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും പെണ്‍കരുത്തിന്റെ പ്രതീകമാകുന്നു. അറുപത്തഞ്ചുകാരിയായ അമ്മാളുവമ്മ വെറും വീട്ടമ്മയായി ഒതുങ്ങിക്കഴിയാതെ ഈ പ്രായത്തിലും മിഴിവാര്‍ന്ന ചിത്രങ്ങള്‍ വരക്കുകയാണ്. പുല്ലൂര്‍പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ കല്ലുമാളം സ്വദേശിനിയായ അമ്മാളുവമ്മ അംഗണ്‍വാടി വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ചിത്രങ്ങള്‍ വരക്കുന്ന തിരക്കിലാണിപ്പോള്‍.

അംഗണ്‍വാടി അധ്യാപികമാര്‍ കുട്ടികളെ ആകര്‍ഷിക്കുന്ന വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങള്‍ വരക്കാന്‍ അമ്മാളുവമ്മയെ സമീപിക്കുന്നു.നാട്ടിലെ ചില അംഗണ്‍വാടികളുടെ ചുമരുകളില്‍ ഈ വീട്ടമ്മ വരച്ച മൃഗങ്ങളുടെയും പക്ഷികളുടെയും മരങ്ങളുടെയും പുഴകളുടെയുമൊക്കെ വര്‍ണചിത്രങ്ങള്‍ കുട്ടികളുടെ ഭാവനകള്‍ക്ക് ചിറകുനല്‍കി വിസ്മയക്കാഴ്ചയൊരുക്കുന്നു. പെയിന്റിംഗിലെന്ന പോലെ പെന്‍സില്‍ ഡ്രോയിംഗിലും അമ്മാളുവമ്മ വൈദഗ്ധ്യം പുലര്‍ത്തുന്നു. ആളുകളുടെ ഫോട്ടോകള്‍ നോക്കി അതേപടി കടലാസിലേക്ക് പകര്‍ത്തുന്ന അമ്മാളുവമ്മ ഇതിനായി പ്രതിഫലമൊന്നും ചോദിക്കാറില്ല. മനസറിഞ്ഞ് ആരെങ്കിലും പ്രതിഫലം നല്‍കിയാല്‍ ഒരു കണക്കും പറയാതെ വാങ്ങും. നല്‍കിയില്ലെങ്കിലും പരിഭവമില്ല. ഈ രീതിയില്‍ നിരവധി ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അമ്മാളുവമ്മ വരച്ചിട്ടുണ്ട്. പത്താംതരം വരെ പഠനം നടത്തിയ അമ്മാളുവമ്മ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കുന്ന കാലഘട്ടം മുതല്‍ക്കേ ചിത്രകലാമത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസയും പ്രോത്സാഹനവും ലഭിച്ചു.

വിവാഹിതയായതോടെ ആദ്യകാല നാടകകലാകാരനായ ഭര്‍ത്താവ് കെ കുമാരന്‍നായര്‍ക്കൊപ്പം നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. സി പി എം സമ്മേളനങ്ങളോടനുബന്ധിച്ച് നടത്തിയ നാടകങ്ങളിലാണ് കമ്യൂണിസ്റ്റുകാരി കൂടിയായ അമ്മാളുവമ്മ കൂടുതലും അഭിനയിച്ചത്. പിന്നീട് ജീവിതപ്രയാസങ്ങള്‍ കാരണം കുമാരന്‍നായര്‍ക്കും അമ്മാളുവമ്മക്കും നാടകപ്രവര്‍ത്തനങ്ങളുമായി അധികകാലം മുന്നോട്ടുപോകാനായില്ല.എന്നാല്‍ ചിത്ര കല തുടര്‍ന്നുകൊണ്ടിരുന്നു. അമ്മാളുമ്മയുടെ ചിത്രങ്ങള്‍ പുറം ലോകത്തെത്താന്‍ വര്‍ഷങ്ങളെടുത്തു. അതുവരെ വരയുടെ ലോകത്ത് അവര്‍ നിശബ്ദസാന്നിധ്യമായിരുന്നു. ഒരുമാസം മുമ്പ് ചാലിങ്കാല്‍ സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ അമ്മാളുവമ്മയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയിരുന്നു. ചിത്രപ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തിയിരുന്നത്. ചിത്രകലക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഡി വൈ എഫ് ഐ തടത്തില്‍ യൂണിറ്റും പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂള്‍ അധികൃതരും ആദരിച്ചു. ചാലിങ്കാലില്‍ നഴ്‌സറി കുട്ടികള്‍ക്കായി നടത്തിയ കലാപരിപാടിക്കിടയിലും അമ്മാളുവമ്മയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടെ സംഘടിപ്പിച്ച ചടങ്ങിലും ആദരവ് ഏറ്റുവാങ്ങി.നാടകങ്ങള്‍ക്കുപുറമെ ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ സംവിധാനം ചെയ്ത ദൈവമക്കള്‍ എന്ന ടെലിഫിലിമിലും അമ്മാളുവമ്മ അഭിനയിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി കെ പ്രഭാകരനും കവയിത്രി കൂടിയായ ശ്രീകലയും മക്കളാണ്. പ്രഭാകരന്‍ കാര്‍ട്ടൂണ്‍പ്രദര്‍ശനങ്ങളും നടത്താറുണ്ട്.

KCN

more recommended stories