ജേക്കബ് തോമസിനെതിരെ അഴിമതി കേസ് : വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കി

തിരുവനന്തപുരം : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സ് എഫ്ഐആറില്‍ പറയുന്നത്.

ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് കേസ്. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്ന് എഫ് ഐ ആര്‍ പറയുന്നു. വിജിലന്‍സും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് വീണ്ടും കേസ്.

ജേക്കബ് തോമസിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു പിന്നാലെയാണ് പുതിയ കേസ്. കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ജേക്കബ് തോമസാണ്. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് നേട്ടമായിരുന്നു. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കാനുള്ള സുപ്രധാന നീക്കവും സര്‍ക്കാര്‍ നടത്തി.

എന്നാല്‍ ഇ പി ജയരാജന്റെ ബന്ധുനിയമനക്കേസില്‍ ജേക്കബ് തോമസ് പിടിമുറുക്കിയതോടെ ഇടത് സര്‍ക്കാരിന്റെ മുഖം കറുത്തു. ജേക്കബ് തോമസ് സര്‍ക്കാറിന് അനഭിമതനായി. ആദ്യം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. പിന്നെ തുടരെത്തുടരെ മൂന്ന് സസ്‌പെന്‍ഷനുകള്‍. ആദ്യ സസ്‌പെന്‍ഷന്‍ ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്റെ പേരില്‍. അനുവാദമില്ലാതെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്‌ബോള്‍’ എന്ന പുസ്തകമെഴുതിയതിന്. മൂന്നാമത്തേതാകട്ടെ, സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് രണ്ടാമത്തെ സസ്‌പെന്‍ഷന്‍.

ജേക്കബ് തോമസിന്റെ ആദ്യ സസ്‌പെന്‍ഷന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 -നായിരുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. സസ്‌പെന്‍ഷന്‍ ഉത്തരവും അതിനുളള കാരണങ്ങളും കേന്ദ്രത്തെ സമയബന്ധമായി അറിയാക്കാത്തത് കൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കാതിരുന്നത്. ജേക്കബ് തോമസ് സര്‍വ്വീസിലേക്ക് തിരിച്ചുവരാനിടയായപ്പോള്‍ സര്‍ക്കാരിന്റെ അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് വീണ്ടും ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തു. ഇടത് സര്‍ക്കാരുമായി ഇടഞ്ഞതുള്‍പ്പടെയുള്ള വിവാദവിഷയങ്ങള്‍ വിശദമായി എഴുതിയ പുസ്തകമായിരുന്നു ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്‌ബോള്‍’.

KCN

more recommended stories