മകനെതിരായ ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മൗനം വെടിയണം; അഡ്വ. പ്രകാശ് ബാബു

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേയുള്ള ലൈംഗിക ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മൗനം വെടിയണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ കെ.പി പ്രകാശ് ബാബു.

വലിയ ഗൗരവമുള്ള വിഷയമാണ് ഉയര്‍ന്നുവന്നത്. കോടിയേരിയുടെ മക്കള്‍ മുമ്പും പല വിവാദത്തിലും പെട്ടപ്പോഴും അവരെ സംരക്ഷിക്കാനായി മുന്നോട്ടുവന്നത് സി.പി.എമ്മാണ്. അതുകൊണ്ട് വിഷയത്തില്‍ സി.പി.എം മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പീഡനവീരന്‍മാരുടെ സംഘടനയായി ഡി.വൈ.എഫ്.ഐ മാറി. പാര്‍ട്ടി ഓഫീസില്‍ എം.എല്‍.എ യുടെ പീഡനത്തിന് വിധേയയായ വനിതാ നേതാവിനെ സംരക്ഷിക്കുന്നതിന് പകരം അവരെ പുകച്ചുചാടിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ ഡി.വൈ.എഫ്.ഐ ഇരയോടൊപ്പമാണോ അതല്ല വേട്ടക്കാരോടൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു. കേരളത്തിലെ ഡി.വൈ.എഫ്.ഐ നേതൃത്വം പെണ്‍വാണിഭ പീഡന വീരന്മാരുടേയും കഞ്ചാവ് കടത്തുകാരുടേയും കുഴലൂത്ത്കാരായി മാറി. അതുകൊണ്ട് ഡി.വൈ.എഫ്.ഐ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന് മജിസ്റ്റീരിയല്‍ പദവി കൊടുക്കാനുള്ള നീക്കം കള്ളന്റ കയ്യില്‍ താക്കോല്‍ കൊടുക്കുന്നതുപോലെയാവും. ജനങ്ങളെയും പൗരാവകാശങ്ങളെയും വെല്ലുവിളിക്കുന്നതാണ് ഇത്തരം അധികാരക്കൈമാറ്റം. ഇത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും നടപടിയില്‍നിന്ന് പിന്‍മാറണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു.

KCN