വാഗ്ദാനം നല്‍കി വഞ്ചിച്ചു; മഞ്ജു വാര്യര്‍ക്കെതിരെ പരാതിയുമായി ആദിവാസി കുടുംബങ്ങള്‍

കല്‍പ്പറ്റ: മഞ്ജു വാര്യര്‍ക്കെതിരെ പരാതിയുമായി പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍. വയനാട് പനമരം പഞ്ചായത്ത് പരക്കുനി ഊരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നാണ് നടിക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ മഞ്ജു നേരിട്ടു ഹിയറിങ്ങിനു ഹാജരാവണമെന്ന് അറിയിച്ചിരിക്കുകയാണിപ്പോള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി.

ഇതേ പരാതിയില്‍ മുന്‍ ഹിയറിങ്ങുകളില്‍ മഞ്ജു ഹാജരായിരുന്നില്ല. 15ന് മഞ്ജുവാര്യര്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎല്‍എസ്എ നോട്ടീസ് നല്‍കിയിരിക്കുന്നത്.

പണിയ കുടുംബങ്ങള്‍ക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയത്. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ സ്ഥല സര്‍വെ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്ന് പദ്ധതി അംഗീകരിച്ചു. അതിനു ശേഷം അവര്‍ പിന്‍വാങ്ങുകയായിരുന്നു.

പ്രളയത്തില്‍ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക്
വീടു നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനമെടുക്കുകയായിരുന്നു.

KCN

more recommended stories