സംസ്ഥാനത്ത് ഏലം കുതിപ്പ് തുടരുന്നു; ശരാശരി വിലയും മേലോട്ട്

കട്ടപ്പന: ഏലക്കയുടെ ശരാശരി വിലയും 4000 പിന്നിട്ടു. മാസം മുമ്പ് ഉയര്‍ന്ന വില 6000 ത്തില്‍ എത്തിയിരുന്നു. അന്ന് ശരാശരി വില 3301 മാത്രമായിരുന്നു. ഇപ്പോള്‍ എത്ര മോശം ഏലക്കക്കും കുറഞ്ഞത് 4000 രൂപ കിട്ടും. ശരാശരി വിലയിലെ നേട്ടം കര്‍ഷകര്‍ക്ക് കിട്ടും. പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ സുഗന്ധഗിരി ട്രേഡിങ് എജന്‍സീസ് ബുധനാഴ്ച നടത്തിയ ലേലത്തിലാണ് കൂടിയ വില 5006ഉം ശരാശരി വില 4036.91 രൂപയും എത്തിയത്.

ചരിത്രത്തില്‍ ആദ്യമായി ഉയര്‍ന്ന വില 6000 രൂപ ലഭിച്ചത് ജൂണ്‍ 29 നായിരുന്നു. അതിനു ഒരാഴ്ച മുമ്പ് വണ്ടന്‍മേട മാസ് ഏജന്‍സീസ് നടത്തിയ ഇ-ലേലത്തില്‍ വില കിലോയ്ക്ക് 5734 രൂപവരെ എത്തിയിരുന്നു. വിലയിലെ കുതിപ്പ് കര്‍ഷകര്‍ സ്വപ്നത്തില്‍പോലും കണ്ടതല്ല. അത്ര ഉയരത്തിലാണ് വില. ഉല്‍പാദനത്തിലെ വന്‍ ഇടിവാണ് വിലക്കുതിപ്പിനു പ്രധാന കാരണം. പ്രളയവും വേനലും സൃഷടിച്ച പ്രതിസന്ധിയില്‍ ഉല്‍പാദനം മൂന്നിലൊന്നായി ചുരുങ്ങി. അടുത്ത ഉല്‍പാദന സീസണ്‍ ആരംഭിക്കാന്‍ ഒരു മാസം കൂടി കാത്തിരിക്കണം. കൃഷി നശിച്ചതിനാല്‍ വിളവെടുപ്പ് ആരംഭിച്ചാലും ഡിമാന്‍ഡിനനുസരിച്ച ഏലക്ക വിപണിയില്‍ എത്താന്‍ വഴിയില്ല.

ദൗര്‍ലഭ്യ സൂചനകളെ തുടര്‍ന്ന് ദീപാവലി സീസണ്‍ മുന്നില്‍ കണ്ടാണ് ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഉയര്‍ന്ന വില ക്വാട്ട ചെയ്തത്. വ്യാപാരികളുടെ മത്സരമാണ് വില ഉയര്‍ത്തിയത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരാനാണ് സാധ്യത.

വില കുതിച്ചെങ്കിലും കര്‍ഷകര്‍ക്ക് അത് പ്രയോജനം ലഭിക്കാത്ത സ്ഥിതിയായിരുന്നു. എന്നാല്‍, ശരാശരി വിലയിലെ വര്‍ധന കൃഷിക്കാരില്‍ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തുന്നത്.

KCN

more recommended stories