പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് പുതുജീവന്‍ നല്‍കാന്‍ ജനങ്ങളും സഹകരിക്കണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കൈത്തറി പോലുള്ള സംസ്ഥാനത്തെ പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് പുതുജീവന്‍ നല്‍കാന്‍ സര്‍ക്കാരിനോടൊപ്പം ജനങ്ങളും സഹകരിക്കണമെന്ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. നവീകരിച്ച കാഞ്ഞങ്ങാട് ഹാന്റക്സ് ഷോറൂമിന്റെയും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണം റിബേറ്റ് വില്‍പനയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൈത്തറി മേഖല. പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ ഏറ്റവും മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ എന്ന വിശ്വാസത്തോടെ കൈത്തറി ഉത്പന്നങ്ങള്‍ ഉപയോഗിക്കണം. ഇതു കൈത്തറി മേലലയുടെ ലാഭത്തിനു വേണ്ടി മാത്രമല്ല. ഈ സഹകരണം നിരവധി പേര്‍ക്ക് ജോലി ലഭിക്കാനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ തന്നെയാണ് ഹാന്റ്ക്സ് ഷോറൂമില്‍ വില്‍പനക്ക് സജ്ജമാക്കിയിരിക്കുന്നത്. ഏറെ കാലം ഈട് നില്‍ക്കുന്ന ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇന്ന് എല്ലാം കിട്ടുന്ന വലിയ മാളുകള്‍ ജനമനസുകളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരുടെ മുതല്‍ മുടക്ക് ഏതെങ്കിലും രീതിയില്‍ ഉപഭോക്താവില്‍ നിന്നും ഈടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയെങ്കിലും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

നെയ്ത്തുകാര്‍ സജീവമായിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. അന്ന് നെയ്ത്ത് പാട്ടില്‍ പോലും നമ്മള്‍ ലയിച്ചിരുന്നു. ഇന്ന് ഈ മേഖലയില്‍ നിന്നും പലരും പിന്‍വാങ്ങുന്നു. ഇതിന് മാറ്റം വരണം. കൈത്തറി ഉത്പന്നങ്ങളും നല്ല രീതിയില്‍ വിറ്റഴിക്കപ്പെടണം. വസ്ത്ര വ്യാപാര വിപണന രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. കാലം മാറി, ആവശ്യങ്ങളും മാറി. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൈത്തറി മേഖലയിലും കൂടുതല്‍ വൈവിധ്യമുള്ളതും മികവാര്‍ന്നതുമായ ഉത്പന്നങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. നിര്‍മ്മിതി കേന്ദ്രം റീജണല്‍ എഞ്ചിനീയര്‍ ഷീന വഹാബിനെയും എഞ്ചിനീയര്‍ ഹരികൃഷ്ണനെയും മന്ത്രി ആദരിച്ചു. കൈത്തറി ക്ഷേമ നിധി ബോര്‍ഡ് പ്രസിഡന്റ് പെരിങ്ങമ്മല വിജയന്‍, ഹാന്റക്സ് മാനേജിംങ്ങ് ഡയറക്ടര്‍ കെ അനില്‍ കുമാര്‍, മാര്‍ക്കറ്റിങ്ങ് മാനേജര്‍ കെ മുരളി കുമാര്‍, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, ഹാന്റക്സ് ഭരണ സമിതി അംഗങ്ങളായ ടി.വി ബാലകൃഷണന്‍, സി ബാലന്‍, പി.ചന്ദ്രന്‍, വട്ടവിള വിജയകുമാര്‍, വിവിധ ജനപ്രതിനിധികള്‍, കൈത്തറി ക്ഷേമനിധി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories