വെള്ളത്തിലേക്ക് എടുത്തുചാടണ്ട, ഫയര്‍ഫോഴ്‌സ് ക്യാമറ കൂടെച്ചാടും: വെള്ളത്തിനടിയില്‍ തെരച്ചില്‍ നടത്താന്‍ പുത്തന്‍ ക്യാമറകള്‍ വരുന്നു

തിരുവനന്തപുരം: നദിയിലോ കായലിലോ മുങ്ങിത്താഴുന്നവരെ കണ്ടെത്താന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പൊടുന്നനെ വെള്ളത്തിലേക്ക്
ഇനി എടുത്തുചാടണ്ട. അഴക്കയത്തില്‍ മുങ്ങിപ്പോയവരെ ക്യാമറകള്‍ തെരഞ്ഞ് കണ്ടെത്തും. പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് സേനാംഗങ്ങള്‍ ഇറങ്ങിയാല്‍മതി. ഫയര്‍ഫോഴ്‌സ് ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി വെള്ളത്തിന്റെ അടിത്തട്ടുവരെ കാണാനാവുന്ന പുത്തന്‍ സാങ്കേതികവിദ്യാ കാമറകള്‍ വാങ്ങാനൊരുങ്ങുന്നു. വെള്ളത്തില്‍ മുങ്ങിപോകുന്നവര്‍ പൂണ്ടുകിടക്കുന്ന സ്ഥലവും അവിടത്തെ സാഹചര്യങ്ങള്‍ തിരിച്ചറിയാനും രക്ഷാപ്രവര്‍ത്തനം ആസൂത്രണം ചെയ്യാനും സഹായകമായ മുന്തിയ ഇനം കാമറകളാണ് അഗ്‌നിശമനസേന വാങ്ങുന്നത്. ഇതിനായി 1.40 കോടിയുടെ പദ്ധതി തയാറായി. വെള്ളത്തിന് അടിത്തട്ടിലെ കാഴ്ചകളും ആഴവും ഒഴുക്കിന്റെ ഗതിയും മനസിലാക്കാന്‍ സഹായിക്കുന്ന കാമറകളാണ് വാങ്ങുന്നത്. ഇതിനായുള്ള ഇ-ടെന്‍ഡര്‍ നടപടികളുടെ മുന്നോടിയായി വിവിധ കമ്ബനികളുടെ അണ്ടര്‍ വാട്ടര്‍ കാമറകള്‍ ഫയര്‍ഫോഴ്‌സ് ആസ്ഥാനത്ത് വരുത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. വെള്ളത്തിനടിയില്‍ കൂടുതല്‍ ആഴത്തിലും ദൂരത്തിലും മികവുറ്റ ഫോട്ടോകളും വീഡിയോകളും പകര്‍ത്താന്‍ ശേഷിയുള്ള കാമറകള്‍ വാങ്ങാനാണ് തീരുമാനം.

പ്രയോജനം

ജലാശയങ്ങളില്‍ ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ സ്‌കൂബാ ഡൈവിംഗ് സംഘത്തിന്റെ സഹായത്തോടെയുള്ള തെരച്ചിലാണ് നിലവില്‍ അഗ്‌നിശമനസേന നടത്തിവരുന്നത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായമുണ്ടെങ്കിലും ആഴക്കയങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും ജീവന്‍ പണയം വച്ചാണ് പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന രക്ഷാപ്രവര്‍ത്തനം നടത്തേണ്ടിവരിക. മുങ്ങിത്താഴ്ന്നുപോയ ആള്‍ വെള്ളത്തിനടിയില്‍ എവിടെയാണ് കിടക്കുന്നതെന്ന് കണ്ടെത്താന്‍ പലദിശകളിലായി പരക്കെ തെരച്ചില്‍ ആവശ്യമായി വരും. ചെളിയും പായലും മറ്റ് മാലിന്യങ്ങളുമുള്ള സ്ഥലങ്ങളില്‍ തെരച്ചില്‍ ഏറെ ദുഷ്‌കരവുമാകും.

എന്നാല്‍, വെള്ളത്തിനടയിലേക്ക് കാമറ കടത്തിവിട്ടാല്‍ അടിത്തട്ടില്‍ ഏത് ഭാഗത്തായാണ് അപകടത്തില്‍പെട്ടയാള്‍ കിടക്കുന്നതെന്ന് കാമറ ഉപയോഗിക്കുന്നതിലൂടെ തിരിച്ചറിയാനും ആളെ രക്ഷിക്കാനും കഴിയും. മഹാരാഷ്ട്രയുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ അണ്ടര്‍ വാട്ടര്‍ കാമറകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. തുടര്‍ന്നാണ് സംസ്ഥാനത്തും ഇത് വാങ്ങുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അണ്ടര്‍ വാട്ടര്‍ കാമറകള്‍ വിജയപ്രദമായി ഉപയോഗിക്കുന്നതിനെപ്പറ്റി ഫയര്‍ഫോഴ്‌സ് പരിശോധിച്ചുവരികയാണ്. ഏതാനും ചില കമ്ബനികളില്‍ നിന്ന് കാമറകള്‍ വരുത്തി പ്രവര്‍ത്തനം പരിശോധിച്ചു. ചില പോരായ്മകള്‍ കണ്ടതിനാല്‍ അവ സ്വീകാര്യമായില്ല. കൂടുതല്‍ മികവുറ്റ കമ്ബനികളില്‍ നിന്നുകൂടി കാമറകള്‍ വരുത്തി പരിശോധിച്ചശേഷം സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാകും കാമറ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

KCN

more recommended stories