ഇടിച്ചൂടി കുടിവെള്ള പദ്ധതി ഉദ്ഘാടന സജ്ജമായി

നീലേശ്വരം നഗരസഭക്ക് കീഴിലെ പാലത്തടം ഇടിച്ചൂടി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് അറുതി വരുത്താന്‍ നീലേശ്വരം നഗരസഭ ആവിഷ്‌കരിച്ച ഇടിച്ചൂടി കുടിവെള്ള പദ്ധതി ഉദ്ഘാടന സജ്ജമായി. ഈ മാസം 22 ന് നഗരസഭ ചെയര്‍മാന്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരി അധ്യക്ഷത വഹിക്കും. കേരളവാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുദീപ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
നീലേശ്വരം നഗരസഭയുടെ വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ ചിലവഴിച്ച് 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത് യാതാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. എട്ടാം വാര്‍ഡായ ഇടിച്ചൂടിയില്‍ പദ്ധതി യാതാര്‍ത്ഥ്യമാവുന്നതോടെ പൊതുജനം ഏറെ നാളായി അനുഭവിച്ച് കൊണ്ടിരിക്കുന്ന കുടിവെളള ക്ഷാമത്തിന് പരിഹാരമാവുകയാണ്.
വരള്‍ച്ച കാലത്ത് കുടിവെള്ളത്തിനായി ഇടിച്ചൂടിയിലെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പാലത്തടം, കിനാനൂര്‍ തുടങ്ങിയ സമീപ പ്രദേശങ്ങളെയാണ് കുടിവെള്ളത്തിനായി ഇവര്‍ ആശ്രയിച്ചിരുന്നത്. നീലേശ്വരം നഗരസഭ ലോറികളില്‍ കുടിവെള്ളംവിതരണം ചെയ്തിരുന്നത് ഏറെ ആശ്വാസകരവുമായിരുന്നു. ഇടിച്ചൂടി നിവാസികളായ പി.വി പാര്‍വ്വതിയും, കെ. വി നളിനിയുമാണ്കുടിവെള്ള പദ്ധതിക്കും ടാങ്ക് നിര്‍മാണത്തിനും സൗജന്യമായി സ്ഥലം നല്‍കിയത്. ഇവരെ മരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി എം സന്ധ്യ ചടങ്ങില്‍ അനുമോദിക്കും. വാര്‍ഡ് കൗണ്‍സിലര്‍ പി മനോഹരന്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ നീലേശ്വരം നഗരസഭ സെക്രട്ടറി ടി മനോജ് കുമാര്‍ നന്ദി പറയും. ജനപ്രതിനിധികള്‍ പങ്കെടുക്കും.

KCN

more recommended stories