പാവറട്ടി കസ്റ്റഡി മരണക്കേസ് സി.ബി.ഐയ്ക്ക് വിട്ട് സര്‍ക്കാര്‍; കസ്റ്റഡിമരണങ്ങള്‍ ഇനി മുതല്‍ സി.ബി.ഐ അന്വേഷിക്കും

പാവറട്ടി കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. സംസ്ഥാന മന്ത്രിസഭയുടേതാണ് തീരുമാനം. സംസ്ഥാനത്ത് ഇനി കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ കേസുകളുടെ അന്വേഷണവും സിബിഐക്ക് കൈമാറാന്‍ തീരുമാനം ആയി. ഹരിയാനയിലെ ഒരു കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും സേനാ വിഭാഗങ്ങള്‍ക്ക് കീഴില്‍ കസ്റ്റഡി മരണങ്ങള്‍ ഉണ്ടായാല്‍ അത് സിബിഐ അന്വേഷിക്കണമെന്നായിരുന്നു വിധിന്യായം. കസ്റ്റഡി മരണങ്ങള്‍ അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് മതിയോ സിബിഐ വേണോ എന്നത് സംബന്ധിച്ച് സംസ്ഥാനത്ത് തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് സുപ്രധാനമായ തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തിയത്.

പാവറട്ടിയിലെ രഞ്ജിത്തിന്റെ കസ്റ്റഡി മരണം സിബിഐക്ക് വിട്ടുകൊണ്ട് തീരുമാനം നടപ്പാക്കി തുടങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. നേരത്തെ നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. എന്നാല്‍ മുന്‍കാല പ്രാബല്യത്തില്‍ മറ്റ് കസ്റ്റഡി മരണക്കേസുകളും സിബിഐയ്ക്ക് വിടുമോ എന്ന കാര്യം വ്യക്തമല്ല.

പാവറട്ടിയിലെ കസ്റ്റഡി മരണ കേസില്‍ ഇതു വരെ 5 എക്സൈസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ , എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍ സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ടു പേര്‍ കൂടി ഇന്ന് ഹാജരാകുമെന്നാണ് സൂചന. ഡൈവര്‍ ശ്രീജിത്തിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.

സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്തമായതിനാലാണ് ഏഴ് പേര്‍ക്കെതിരെയും കൊലകുറ്റം ചുമത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാക്ഷി മൊഴികളില്‍ നിന്ന് ശ്രീജിത്ത് മര്‍ദ്ദിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഇയാളെ കേസില്‍ സാക്ഷിയാക്കാനാണ് തീരുമാനം.

KCN

more recommended stories