കൊറോണ വൈറസ്:ഭീതി വേണ്ട;ജാഗ്രത വേണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഒരു യുവാവിന് കൊറോണ വൈറസ് സ്ഥിരീകരിച്ച വിവരം നാട്ടില്‍ ചര്‍ച്ചയായെങ്കിലും ഒട്ടും ഭീതിവേണ്ടെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കി. പുറത്തിറങ്ങാതിരിക്കേണ്ട സാഹചര്യമില്ല. സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ വായിച്ച് പേടികൂട്ടുകയും വേണ്ട. ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ ചൈനയില്‍നിന്ന് വന്നിട്ടുള്ള ആളുകള്‍ നാട്ടിലുണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി അവര്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് നാട്ടുകാര്‍ ചോദിച്ചറിയണം.ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാന്‍ വൈമനസ്യംകാണിക്കുന്നുണ്ടെങ്കില്‍ നാട്ടുകാര്‍ക്ക് ഡി.എം.ഒ.യെയോ കണ്‍ട്രോള്‍ റൂമിലോ അറിയിക്കാം.

ജില്ലാ ആസ്പത്രിയില്‍ രോഗികള്‍ ഒഴിഞ്ഞു

കാഞ്ഞങ്ങാട്: കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജില്ലാ ആസ്പത്രിയില്‍ രോഗികള്‍ ഒഴിഞ്ഞുപോയി തുടങ്ങി. 250 ലേറെ രോഗികള്‍ ഇവിടെ കിടത്തിചികിത്സയിലുണ്ടായിരുന്നു.തിങ്കളാഴ്ച ഉച്ചയോടെയാണ് കോറോണ സ്ഥിരീകരിച്ച വിവരം ജില്ലാ ആസ്പത്രിയിലുള്ള രോഗികളും കൂട്ടിരിപ്പുകാരും അറിയുന്നത്. അപ്പോള്‍ തന്നെ പലരും ഡിസ്ചാര്‍ജ് വാങ്ങിത്തുടങ്ങി. വൈകീട്ട് ആയപ്പോഴേക്കും നൂറിലേറെ രോഗികള്‍ ആസ്പത്രി വിട്ടു.അത്യാഹിത വിഭാഗത്തില്‍ ഉച്ചക്കുശേഷം ആളുകള്‍ കുറഞ്ഞു.വൈകുന്നേരമായപ്പോഴേക്കും ഒഴിഞ്ഞ മുറിയായി അത്യാഹിത വിഭാഗം മാറി.

കാഞ്ഞങ്ങാട് ടൗണിലും ആളുകള്‍ കുറഞ്ഞു

കാഞ്ഞങ്ങാട്: കൊറോണ വൈറസ് കാഞ്ഞങ്ങാട്ടെത്തിയെന്നു പറഞ്ഞ് ആളുകള്‍ പട്ടണത്തിലേക്ക് വരാതിരിക്കുന്നുവെന്ന് മലയോരത്തുള്ള ബസുകാര്‍ ഉള്‍പ്പടെ പറയുന്നു. കാഞ്ഞങ്ങാട്ടേക്കുള്ള ദീര്‍ഘ ദൂര ബസുകളിലും ആളുകള്‍ കുറഞ്ഞു.കോഴിക്കോട് നിപ രോഗം വന്നതാണ് എല്ലാവരെയും ഓര്‍മപ്പെടുത്തുന്നത്. കൊറോണയെ ഭയക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു അറിയിപ്പ് നല്‍കുമ്പോഴും ആളുകള്‍ക്ക് മടി.

മെഡിക്കല്‍ കോളേജുണ്ടായിരുന്നെങ്കില്‍

കാഞ്ഞങ്ങാട്: തൃശൂരും ആലപ്പുഴയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ അവര്‍ രോഗികള്‍ക്കു വേണ്ട എല്ലാ ഏര്‍പ്പാടുകളും അതതു മെഡിക്കല്‍ കോളേജിലൊരുക്കി. കാഞ്ഞങ്ങാട്ട് കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ ഈ ജില്ലയിലൊരു മെഡിക്കല്‍ കോളേജില്ലാത്തതിന്റെ പരിമിതി നേരിടുന്നു. നിലവില്‍ 40 കിലോ മീറ്റര്‍ അകലെ പരിയാരത്താണ് മെഡിക്കല്‍ കോളേജ്. അവിടം വരെ രോഗിയെ എത്തിക്കാന്‍ സംവിധാനമുള്ള വാഹനം സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇവിടെത്തന്നെ െമഡിക്കല്‍ കോളേജ് ഉണ്ടാകുന്നതായിരുന്നു ഏറ്റവും അഭികാമ്യമെന്ന് ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.ബദിയുടക്ക ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇനിയും ട്രാക്കിലായിട്ടില്ല. കേന്ദ്ര സര്‍വകലാശാലയോടനുബന്ധിച്ച് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന പല കോണുകളില്‍ നിന്ന് ഉറപ്പു കിട്ടിയിരുന്നു. ഇപ്പോള്‍ അതേകുറിച്ച് സംസാരമേയില്ല.

KCN

more recommended stories