ചൈനയില്‍ പബ്ജി പണ്ടേ നിരോധിക്കപ്പെട്ടു, ഇന്ത്യയില്‍ 12 കോടി ആരാധകര്‍

മൂന്ന് വര്‍ഷം, 40 കോടി അടിമകള്‍… ഒരു മാനസികാരോഗ്യ വിദഗ്ധന്‍ പബ്ജിക്കു നല്‍കിയ വിശേഷണമാണിത്. കളിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ പ്രയാസം. എങ്ങനെ പബ്ജിയോടുള്ള അഡിക്ഷന്‍ അവസാനിപ്പിക്കാം എന്നത് ഗൂഗിളില്‍ അനേകം പേര്‍ തെരയുന്ന ചോദ്യമായതിങ്ങനെ. ഇന്ത്യയില്‍ പബ്ജി കളിക്കുന്നത് 12 കോടിപ്പേര്‍. പക്ഷേ, ആരാധകര്‍ ഒന്നറിയുക, ഈ ഗെയിം ചൈനയില്‍ നിരോധിക്കപ്പെട്ടതാണ്. 2017ല്‍ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്ബനിയായ ബ്ലൂഹോളിന്റെ സബ്‌സിഡിയറിയായ പബ്ജ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ബാറ്റില്‍ റൊയേല്‍ ഗെയിമാണു പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജി. പഴ്‌സണല്‍ കമ്ബ്യൂട്ടറുകളെ ലക്ഷ്യമിട്ടാണു ഗെയിം അവതരിപ്പിക്കപ്പെട്ടത്. കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ കടന്നുകയറാന്‍ പബ്ജ് കോര്‍പ്പറേഷന്‍ ശ്രമിച്ചതോടെയാണു മാറ്റമുണ്ടായത്. ടെന്‍സെന്റ് കമ്ബനിയുമായായിരുന്നു കൂട്ടുകെട്ട്. ബ്ലൂഹോളിന്റെ 10 ശതമാനം ഓഹരിയാണു ടെന്‍സെന്റ് സ്വന്തമാക്കിയത്. അവരുടെ സഹായത്തോടെയാണു മൊബൈല്‍ ഫോണ്‍ പതിപ്പ് അവതരിപ്പിച്ചത്. ചൈനയിലിത് യുവാക്കളുടെ ഹരമാകാന്‍ വൈകിയില്ല മികച്ചവരുടെ അതിജീവനമാണു പബ്ജിയുടെ പ്രധാന ആശയം. ഒരു കളിയില്‍ ഓണ്‍ലൈനിലൂടെ നിരവധിപ്പേര്‍ക്കു പങ്കെടുക്കാം. ഇവര്‍ വെര്‍ച്വലായി ഒറ്റപ്പെട്ട ദ്വീപില്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്നതോടെ കളിക്കു തുടക്കമായി. അവിടെ കെട്ടിടങ്ങള്‍ക്കുള്ളില്‍നിന്നും മറ്റും ആവശ്യമായ ആയുധങ്ങളും മരുന്നുകളും ശേഖരിക്കുന്നു. എന്നിട്ട് പരസ്പരം യുദ്ധം ചെയ്യുന്നു. ഈ യുദ്ധത്തില്‍ അവസാനം നിമിഷം വരെ അതിജീവിക്കുന്നവര്‍ വിജയിക്കുന്നു. ചൈനയില്‍ തരംഗമായെങ്കിലും നിരോധിക്കപ്പെടാന്‍ വൈകിയില്ല. അക്രമവാസന പ്രോത്സാഹിപ്പിക്കുന്നെനന ആരോപണം ഉയര്‍ന്നതാണു കാരണം. കുട്ടികള്‍ പോലും പബ്ജി ഗെയിമിന് അടിമപ്പെടുന്നതും കാരണമായി ചൈന ചൂണ്ടിക്കാട്ടി. ഇതോടെ ടെന്‍സെന്റ് കളിയൊന്നു മാറ്റിപ്പിടിച്ചു. ഗെയിം ഫോര്‍ പീസ എന്ന പേരില്‍ അവര്‍ പബ്ജിയുടെ പതിപ്പ് പുറത്തിറക്കി. രാജ്യസ്‌നേഹമുള്ളവരുടെ ഗെയിമാക്കി അവതരിപ്പിച്ചതോടെ ചൈനീസ് സര്‍ക്കാരിന്റെ അനുമതിയും കിട്ടി. കമ്ബ്യൂട്ടര്‍ ഗെയിം മേഖലയില്‍ അക്രമം പുതുമയല്ല. കോള്‍ ഓഫ് ഡ്യൂട്ടി, ബ്ലാക്ക് സര്‍വൈവല്‍ തുടങ്ങി ഇത്തരത്തില്‍ നിരവധിഗെയിമുകളുണ്ട്. കൂട്ടുകാരുമൊത്ത് ഗെയിം കളിക്കാമെന്നുള്ളതാണു പബ്ജിയുടെ ഒരു ആകര്‍ഷണം. കളിക്കിടെ അവരുമായി സംസാരിക്കാം, ചാറ്റ് ചെയ്യാം. വെര്‍ച്വല്‍ ലോകത്ത് ലക്ഷ്യങ്ങള്‍ നല്‍കി കുട്ടികളെ അടിമയാക്കി മുന്നോട്ടുകൊണ്ടുപോകുന്ന ശൈലിയാണു പബ്ജിക്കു നേട്ടമായതെന്നു ചൈല്‍ഡ് സൈക്കോളജിസ്റ്റ് ദിവ്യ പളനിയപ്പന്‍ പറഞ്ഞു. സൗജന്യമായി ലഭിക്കുന്നതായിരുന്നു മറ്റൊരു ആകര്‍ഷണം. ഇന്ത്യയില്‍ 12 കോടി പബ്ജി കളിക്കാരുണ്ടെന്നാണു കണക്ക്. ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഗെയിമുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണു പബ്ജി. പബ്ജി കളിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് സ്വദേശിയായ വിദ്യാര്‍ഥി ജീവനൊടുക്കിയത് കഴിഞ്ഞ ഏപ്രിലിലാണ്. ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍പ്പേര്‍ സമയം കൊല്ലാന്‍ തെരഞ്ഞെടുത്തതും ഈ ഗെയിമിനെ തന്നെ. നേപ്പാള്‍, ഇറാഖ് എന്നീരാജ്യങ്ങളിലും പബ്ജിക്കു നിരോധനമുണ്ട്. അറിയുക, ഗെയിമിന് അടിമപ്പെടുന്നത് രോഗമാണ് 2018 ലാണു കമ്ബ്യൂട്ടര്‍ ഗെയിമിന് അടിമപ്പെടുന്നത് രോഗമാണെന്നു ലോകാരോഗ്യ സംഘടന പ്രഖ്യപിച്ചത്. 12 മുതല്‍ 20 വയസുവരെ പ്രായമുള്ളവരാണു കൂടുതലായും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെടുക. ഗെയിം അടിമത്വം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അമിത വണ്ണം, കാഴ്ചാ വൈകല്യം, പേശികള്‍ക്കു ബലക്കുറവ് പെരുമാറ്റ വൈകല്യങ്ങള്‍ നഷ്ടമാകുന്ന പൊതുജീവിതം. ഉറക്കം നഷ്ടമാകുക. പഠനത്തില്‍ പിറകോട്ടുപോകുക

KCN

more recommended stories