മൊബൈല്‍ ഫോണ്‍ സ്‌ക്രീനിലും പ്ലാസ്റ്റിക് ബാങ്ക് നോട്ടിലും കൊറോണ വൈറസ് 28 ദിവസം അതിജീവിക്കും

സിഡ്‌നി: മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍, പ്ലാസ്റ്റിക് ബാങ്ക് നോട്ട്, സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ എന്നീ പ്രതലങ്ങളിലെല്ലാം കൊറോണ വൈറസ് 28 ദിവസം അതിജീവിക്കുമെന്ന് പഠനം. ആസ്‌ട്രേലിയന്‍ നാഷനല്‍ സയന്‍സ് നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ചില്ലിലും പ്ലാസ്റ്റിക്കിലും മൂന്ന് ദിവസം വരെ വൈറസ് അതിജീവിക്കുമെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്. ഇരുട്ടില്‍ ലാബിലാണ് പരീക്ഷണമെന്നതിനാല്‍ ഗവേഷണം പൂര്‍ണമായും ശരിയാകണമെന്നില്ലെന്ന് മറ്റ് ഗവേഷകര്‍ പറയുന്നുണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസിനെ കൊല്ലുമെന്ന് നേരത്തേതന്നെ കണ്ടെത്തിയിരുന്നു. സാധാരണ നിലയില്‍ വൈറസ് ബാധിതര്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ആണ് വൈറസ് പകരുന്നത്. വായുവില്‍ തങ്ങിനിന്ന് വൈറസ് പകരുമെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൂടു കൂടുന്തോറും വൈറസിന്റെ അതിജീവന ശേഷി കുറയുമെന്നും ആസ്‌ട്രേലിയന്‍ പഠനം കണ്ടെത്തുന്നുണ്ട്. 20 ഡിഗ്രി സെല്‍ഷ്യസില്‍ 28 ദിവസം വരെ അതിജീവിക്കുന്ന വൈറസ്, 40 ഡിഗ്രി ചൂടിലെത്തിയാല്‍ ഒരു ദിവസത്തിന് അപ്പുറം അതിജീവിക്കില്ല. മനുഷ്യര്‍ തമ്മില്‍ സമ്പര്‍ക്കത്തിലൂടെയല്ലാതെ കോവിഡ് വൈറസ് പകരുന്നത് അത്യപൂര്‍വമാണെന്നും അനാവശ്യഭീതിയാണ് ഇത്തരം പഠനങ്ങള്‍ സൃഷ്ടിക്കുന്നതെന്നും വൈറോളജി രംഗത്തെ വിദഗ്ധര്‍ തന്നെ പറയുന്നുണ്ട്. ജൂലൈയില്‍ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ റട്‌ജേഴ്‌സ് സര്‍വകലാശാല മൈക്രോബയോളജി പ്രഫസര്‍ ഇമ്മാനുവല്‍ ഗോള്‍ഡ്മാന്‍ നിര്‍ജീവ പ്രതലങ്ങളിലൂടെ പകരാനുള്ള സാധ്യത വളരെ ചെറുതാണെന്ന് കണ്ടെത്തിയിരുന്നു. പ്രതലങ്ങളിലൂടെ വൈറസ് പകരില്ലെന്ന് കാലിഫോര്‍ണിയ സര്‍വകലാശാല മെഡിസിന്‍ പ്രഫസര്‍ മോനിക്ക ഗാന്ധി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

KCN

more recommended stories