മോഡേണ കോവിഡ് വാക്‌സിന്‍ പുറത്തിറക്കുന്നു; 500 മില്യണ്‍ ഡോസ് നിര്‍മ്മിക്കും

യുഎസ് : പരീക്ഷണാത്മക കോവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായി യുകെ ആസ്ഥാനമായ മരുന്നു നിര്‍മാണ കമ്പനി മോഡേണ. വാക്‌സിന്‍ വിതരണത്തിനായി ഇതിനകം 1.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സിഇഒ സ്റ്റീഫന്‍ ബാന്‍സെല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വാക്‌സിന്‍ വിതരണത്തിന് യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായ് കരാറുകളില്‍ ഒപ്പുവെച്ചതായും ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. എംആര്‍എന്‍എ 1273 എന്ന് വിളിക്കപ്പെടുന്ന മോഡേണ വാക്‌സിനില്‍ മെസ്സന്‍ജര്‍ ആര്‍എന്‍എ അഥവാ എംആര്‍എന്‍എ എന്ന ജനിതക വസ്തു അടങ്ങിയിട്ടുണ്ട്. ഇത് വൈറസിനെ പ്രതിരോധിക്കാന്‍ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നുവെന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വിപണിയില്‍ ഇതുവരെ അംഗീകൃത ഉല്‍പ്പന്നങ്ങളില്ലാത്ത മോഡേണ, വന്‍കിട മരുന്ന് നിര്‍മ്മാതാക്കളായ ജോണ്‍സണ്‍ & ജോണ്‍സണ്‍, ഫിസര്‍ എന്നിവയ്‌ക്കൊപ്പം വാക്‌സിനുള്ള അന്തിമ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ്. മോഡേണയുടെ 30,000 പേര്‍ പങ്കെടുക്കുന്ന അവസാനഘട്ട ട്രയലിനായി കഴിഞ്ഞയാഴ്ച എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയിരുന്നു. അതുവരെ 25,650 ല്‍ അധികം പേര്‍ക്ക് കമ്പനിയുടെ രണ്ട് ഡോസ് കോവിഡ് 19 വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ട്രയലിന്റെ 70 ശതമാനം എങ്കിലും ഫലപ്രദമാണെന്ന് വിലയിരുത്തലില്‍ തെളിഞ്ഞാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അടിയന്തര എഫ്ഡിഎ അംഗീകാരം തേടുമെന്ന് മോഡേണ ഇങ്ക് റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 12 നും 18 നും ഇടയില്‍ പ്രായമുള്ളവരില്‍ കോവിഡ് 19 വാക്‌സിന്‍ പരീക്ഷിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സനും പദ്ധതിയിടുന്നുണ്ട്.

KCN

more recommended stories