കോവിഡ് 19 മഹാമാരി: ചരിത്രത്തില്‍ ആദ്യമായി ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി മാറ്റിവെച്ചു

ലിയോണ്‍: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ യു.എ.ഇയില്‍ നടക്കുമെന്നറിയിച്ച 89-ാമത് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി മാറ്റിവെച്ചു. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചരിത്രത്തില്‍ ആദ്യമായാണ് ജനറല്‍ അസംബ്ലി മാറ്റിവയ്ക്കുന്നത്. ഈ വര്‍ഷം ലോകത്തവിടെയും 89-ാമത് ജനറല്‍ അസംബ്ലി നത്തുന്നത് അഭികാമ്യമല്ലെന്നും അത് അസാധ്യമാണെന്നുമാണ് ഇന്റര്‍പോള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ നിഗമനം. നിയമപരവും സാങ്കേതികവും ആയ കാരണങ്ങളാല്‍ വെര്‍ച്വല്‍ ജനറല്‍ അസംബ്ലി നടക്കാനുളള സാഹചര്യമില്ലെന്നും പ്രസ്താവനയില്‍ ഇന്റര്‍പോള്‍ വ്യക്തമാക്കുന്നു. ഭീകരവാദത്തിനെതിരായ സഹകരണം,സംഘടിത കുറ്റകൃത്യങ്ങള്‍, പോലീസിങ്ങിന്റെ ഇടയിലുളള ക്രിമിനല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയാണ് 194 അംഗങ്ങള്‍ പങ്കെടുക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി യുഎഇ അധികൃതര്‍ കിണഞ്ഞുപരിശ്രമിച്ചിരുന്നു. നിര്‍ഭാഗ്യവശാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന പ്രകാരം ഈ വര്‍ഷം ജനറല്‍ അസംബ്ലി നടത്തുന്നത് പ്രായോഗികമല്ല.’ ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജുര്‍ഗെന്‍ സ്റ്റോക്ക് പറഞ്ഞു. 2022ല്‍ 91-ാമത് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിക്ക് ഇന്ത്യയെയാണ് ആതിഥേയത്വം വഹിക്കുന്നതിനായി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഈ വര്‍ഷത്തെ ജനറല്‍ അസംബ്ലി മാറ്റിവെച്ചത് ഭാവി അസംബ്ലികള്‍ സംബന്ധിച്ച തീരുമാനത്തെ എങ്ങനെയാണ് ബാധിക്കുക എന്ന് വ്യക്തമല്ല.

KCN

more recommended stories