ഓക്‌സ്‌ഫോഡ് വാക്‌സിന്‍ 90 ശതമാനം വരെ ഫലപ്രദം; സെറം ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് ഉത്പാദിപ്പിക്കും

ലണ്ടന്‍: ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്ന് മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രസെനേക. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായാണ് വിശദീകരണം.

കൊവിഡിനെ പ്രതിരോധിക്കാന്‍ വളരെയധികം ശേഷിയുളളതാണ് ഈ വാക്‌സിനെന്നും ഇതിന്റെ ഫലപ്രാപ്തിയും സുരക്ഷാ പരിശോധനകളും ഇക്കാര്യം ഉറപ്പുനല്‍കുന്നതായും ആസ്ട്രസെനേക മേധാവി പാസ്‌കല്‍ സോറിയോട്ട് പ്രസ്താവനയില്‍ അറിയിച്ചു. ലോകത്തെങ്ങുമുളള വിതരണത്തിന് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ഉദേശിക്കുന്നത്.
ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാപ്തി 90 ശതമാനം ആണെന്ന് കണ്ടെത്തി. ഒരുമാസം ഇടവിട്ടുളള രണ്ട് പൂര്‍ണ ഡോസുകള്‍ നല്‍കിയപ്പോള്‍ 62 ശതമാനം ആയിരുന്നു ഫലപ്രാപ്തി. പരീക്ഷണത്തിന്റെ ശരാശരി ഫലപ്രാപ്തി എഴുപത് ശതമാനമാണ്. രണ്ട് തരത്തിലുളള ഡോസുകളിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കമ്പനി പറയുന്നു.

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിക്കുന്ന വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൊഡേര്‍ണ വികസിപ്പിക്കുന്ന വാക്‌സിന് 94.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും കഴിഞ്ഞദിവസം കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

KCN

more recommended stories