കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണയുമായി ലണ്ടനില്‍ വന്‍പ്രതിഷേധം; നിരവധി പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ലണ്ടനില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധം. സെന്‍ട്രല്‍ ലണ്ടനില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിഷേധം അരങ്ങേറിയതെന്നാണ് റിപ്പോര്‍ട്ട്. ആല്‍ട്വിച്ചിന് സമീപത്തെ ഇന്ത്യന്‍ എംബസിക്ക് സമീപം ആളുകള്‍ ഒത്തുകൂടിയിരുന്നു. അതുപോലെ തന്നെ ട്രഫല്‍ഗര്‍ സ്‌ക്വയര്‍ ഏരിയയിലും ആളുകള്‍ പ്രതിഷേധ മാര്‍ച്ചുമായി ഒത്തുകൂടിയെന്നാണ് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ എന്നറിയിച്ചു കൊണ്ടാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. പിരിഞ്ഞു പോകാന്‍ പലതവണ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുള്ള പ്രദേശത്ത് മുപ്പത് പേരില്‍ കൂടുതല്‍ ഒത്തു ചേരരുതെന്നാണ് നിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്ക് അറസ്റ്റും പിഴയുമാണ് ശിക്ഷ. ഇത് അവഗണിച്ചാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.
ബ്രിട്ടീഷ് സിഖ് സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു ‘കര്‍ഷകര്‍ക്ക് നീതി’ ആവശ്യപ്പെട്ടു കൊണ്ട് ജനങ്ങള്‍ തെരുവിലേക്കിറങ്ങിയത്. മുദ്രാവാക്യം വിളികളുമായി പ്രതിഷേധം കടുപ്പിച്ച ഇവര്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നില്ല. അതുപോലെ തന്നെ പലരും ഫേസ്മാസ്‌കും ധരിച്ചിരുന്നില്ല. ഇതാണ് പൊലീസ് നടപടികള്‍ക്കിടയാക്കിയത്.

അതേസമയം ഇന്ത്യാവിരുദ്ധ വിഘടന വാദികളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നാണ് ഇന്ത്യന്‍ എംബസി വിഷയത്തില്‍ പ്രതികരിച്ചത്. ‘ഇന്ത്യാവിരുദ്ധ വിഘടനവാദികളാണ് ഈ ഒത്തുചേരലിന് പിന്നാലെന്ന് വൈകാതെ വ്യക്തമാകും. ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന്റെ അവസരം മുതലെടുത്ത് പ്രത്യക്ഷത്തില്‍ അവരെ പിന്തുണയ്ക്കാനെന്ന തരത്തില്‍ നടത്തുന്ന ഈ പ്രതിഷേധം, യഥാര്‍ഥത്തില്‍ അവരുടെ ഇന്ത്യന്‍ വിരുദ്ധ അജണ്ട പ്രകടമാക്കാനാണ്’ എന്നാണ് ഇന്ത്യന്‍ എംബസി വക്താവ് അറിയിച്ചത്.

‘ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. അവരോടൊപ്പം ചേര്‍ന്ന് തന്നെ ഈ വിഷയം കൈകാര്യം ചെയ്യും. പ്രത്യേക അനുമതി ലഭിക്കാതെ ഇത്തരമൊരു പ്രതിഷേധം എങ്ങനെ നടത്താനാകും.എന്നതടക്കം എല്ലാ കാര്യങ്ങളും പരിശോധിക്കും’. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ ആഭ്യന്തര ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന സര്‍ക്കാരിന്റെ നിലപാടും ഹൈക്കമ്മീഷന്‍ ആവര്‍ത്തിച്ചു.

KCN

more recommended stories