ബ്രിട്ടനില്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി; ചരിത്രത്തില്‍ ഇടംപിടിച്ച് മാര്‍ഗരറ്റ് കീനാന്‍

ലണ്ടന്‍: ബ്രിട്ടണില്‍ ഫൈസര്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന 90 വയസുള്ള വൃദ്ധയാണ് പരീക്ഷണഘട്ടത്തിനുശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചത്. വടക്കന്‍ അയര്‍ലന്‍ഡിലെ എന്നിസ്‌കില്ലനില്‍ നിന്നുള്ള മാര്‍ഗരറ്റ്, ലണ്ടന്‍ സമയം രാവിലെ 6.30ന് കൊവെന്‍ട്രിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍നിന്നാണു കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു. കോവിഡിനെതിരായുള്ള വാക്‌സിന്‍ പൊതുജനങ്ങള്‍ക്കു നല്‍കിത്തുടങ്ങിയ ആദ്യത്തെ പടിഞ്ഞാറന്‍ രാജ്യമാണു ബ്രിട്ടണ്‍. ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്‌സിനാണു ബ്രിട്ടണ്‍ നല്‍കുന്നത്.

പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഫൈസര്‍ അനുമതി തേടിയിട്ടുണ്ട്. യുകെയിലും ബഹറിനിലും അനുമതി നേടിയതിനു പിന്നാലെയാണ് ഫൈസര്‍ ഡിസിജിഐയെ സമീപിച്ചിരിക്കുന്നത്.

KCN

more recommended stories