ജോ ബൈഡനും കമല ഹാരിസും അധികാരമേറ്റു

യുഎസിലെ 46മത് പ്രസിഡന്റായി ജോ ബൈഡനും ചരിത്രത്തിലെ ആദ്യ വനിത വൈസ്പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിംഗ്ടണ്‍ ഡി.സിയില്‍ യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

ലേഡി ഗാഗയുടെ ദേശീയ ഗാനാലാപത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ആദ്യം വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതിയിലെ ആദ്യ ലാറ്റിന അംഗം സോണിയ സോട്ടോമേയറാണ് കമലയ്ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. അമേരിക്കയിലെ ആദ്യ ‘സെക്കന്‍ഡ് ജന്റില്‍മാന്‍’ എന്ന സ്ഥാനപ്പേരു വഹിക്കുന്ന ഭര്‍ത്താവ് ഡഗ്ലസ് എംഹോഫ് ബൈബിള്‍ കയ്യിലേന്തി. തുടര്‍ന്ന് ദിസ് ലാന്‍ഡ് ഈസ് യുവര്‍ ലാന്‍ഡ് എന്ന് പാടി ജെന്നിഫര്‍ ലോപ്പസ് എത്തി. പിന്നാലെയായിരുന്നു ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രഥമ വനിത ഡോ. ജില്‍ ബൈഡന്‍ ബൈബിള്‍ കയ്യിലേന്തി.

ഇത് അമേരിക്കയുടെ ദിനം, ഇത് ജനാധിപത്യത്തിന്റെ ദിനം എന്നായിരുന്നു പ്രസിഡന്റ് ബൈഡന്റെ ആദ്യ വാക്കുകള്‍. ജനാധിപത്യം വിലപ്പെട്ടതാണ് നാം ഒരിക്കല്‍ കൂടി മനസിലാക്കിയിരിക്കുന്നു. ജനാധിപത്യം അതിജീവിച്ചിരിക്കുന്നുവെന്ന്, രണ്ടാഴ്ച മുമ്ബ് കാപ്പിറ്റോളില്‍ നടന്ന അതിക്രമങ്ങളെ പരാമര്‍ശിച്ച് ബൈഡന്‍ പറഞ്ഞു. ഐക്യത്തോടെ പ്രതിസന്ധികളെ അതിജീവിക്കണം. ജനങ്ങളുടെ ആഗ്രഹത്തെ മറികടന്ന് തെരഞ്ഞെടുപ്പ് ജയം അട്ടിമറിക്കാനാണ് കലാപകാരികള്‍ ശ്രമിച്ചത്. അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇനി സംഭവിക്കില്ല. ഇന്നും നാളെയും മാത്രമല്ല. ഒരിക്കലും സംഭവിക്കില്ല. താന്‍ അമേരിക്കയുടെ പ്രസിഡന്റാണ്. രാജ്യത്തെ വിജയകരമായി മുന്നോട്ടുനയിക്കാന്‍ ഐക്യമാണ് ആവശ്യം. ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നത് മണ്ടന്‍ വിചാരമായി വിലയിരുത്തപ്പെട്ടേക്കാം. എന്നാല്‍ നമ്മെ ഭിന്നിപ്പിച്ച് നിര്‍ത്തുന്ന ശക്തികളെയും അവയുടെ വ്യാപ്തിയെയും തിരിച്ചറിയുന്നു. അവയൊന്നും പുതിയതല്ല. എന്നാലും മുന്നോട്ടുള്ള പ്രയാണത്തിനുള്ള ഐക്യത്തിന്റെ പാത മാത്രമാണ്. ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കും. പുതിയ ലോകം സാധ്യമാക്കാന്‍ അമേരിക്ക മുന്നിട്ടിറങ്ങുമെന്നും പ്രസിഡന്റ് ബൈഡന്‍ ആദ്യ പ്രസംഗത്തില്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. ആദ്യ വനിത വൈസ് പ്രസിഡന്റ് എന്ന പദവിക്കൊപ്പം ആദ്യ ഏഷ്യന്‍, കറുത്ത വംശജയെന്ന ഖ്യാതിയും കമലയ്ക്ക് സ്വന്തം.

KCN

more recommended stories