കാത്തിരിപ്പുകള്‍ക്ക് വിരാമം; കെ.ജിഎഫ്2 റിലീസ് തിയതി പ്രഖ്യാപിച്ചു

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കെജിഎഫ്2 ജൂലൈ 16ന് റിലീസ് ചെയ്യും. ഇന്നു വൈകിട്ട് 6.32നാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. കെജിഎഫ് രണ്ടാംഭാഗത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. യാഷും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തുമാണ് ടീസറില്‍ ഉള്ളത്. സിനിമയുടെ ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ രംഗങ്ങളെന്നാണ് സൂചന.
ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഓഗസ്റ്റ് 26നാണ് കെജിഎഫ് 2 ന്റെ ചിത്രീകരണം പുനരാരംഭിച്ചത്. എന്നാല്‍ 90 ശതമാനം രംഗങ്ങളും കൊവിഡ് പ്രതിസന്ധിക്കു മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ കാന്‍സര്‍ രോഗം ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സഞ്ജയ് ദത്ത് ചികിത്സയ്ക്കുവേണ്ടി ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.

1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. 2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയില്‍ ആകെ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമായിരുന്നു കെജിഎഫ്.

KCN

more recommended stories