കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി

പനാജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഇത്തവണയും ലീഡ് നേടിയ ശേഷമായിരുന്നു കൊമ്പന്മാര്‍ വീണത്. മുംബൈ സിറ്റി എഫ്‌സിക്കെതിരെ 1-2നാണ് ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത്.

ആദ്യ പകുതിയില്‍ തന്നെ വിസന്റെ ഗോമസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. 27-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെ വിസന്റെ ഗോമസ് പന്ത് വലയിലെത്തിക്കുകയായിരുന്നു.

29-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി സ്വന്തമാക്കാന്‍ കേരളത്തിന് സാധിച്ചേനേ. പക്ഷേ മറെയുടെ ഷോട്ട് അമരീന്ദറിന്റെ കൈയിലിടിച്ച് പോസ്റ്റില്‍ തട്ടി മടങ്ങി. ഇങ്ങനെ ആദ്യ പകുതില്‍ കേരളം കളം നിറയുന്ന കാഴ്ചായാണ് കാണാന്‍ സാധിച്ചത്.

എന്നാല്‍ രണ്ടാം പകുതില്‍ കളി മാറി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുംബൈ സമനില ഗോള്‍ കണ്ടെത്തി. ബിപിന്‍ സിംഗാണ് മുംബൈയുടെ ആദ്യ ഗോള്‍ നേടിയത്.

പിന്നാലെ 65-ാം മിനിറ്റില്‍ ആദം ലെ ഫോണ്‍ഡ്രെയെ കോസ്റ്റ ബോക്സില്‍ വീഴ്ത്തിയതിന് മുംബൈക്ക് അനുകൂലമായ പെനാല്‍റ്റി വിധി വന്നു. കിക്കെടുത്ത ഫോണ്‍ഡ്രെ ഗോള്‍കീപ്പര്‍ ആല്‍ബിനോയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു.

മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദറിന്റെ മികച്ച പ്രകടനവും മുംബൈക്ക് തുണയായി. അമരീന്ദര്‍ തന്നെയാണ് ഹീറോ ഓഫ് ദ മാച്ച്. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈയ്ക്ക് മൂന്നു പോയിന്റ് കൂടി ലഭിച്ചു.

KCN

more recommended stories