മാന്‍ ഓഫ് ദി മാച്ചിന് 5 ലിറ്റര്‍ പെട്രോള്‍ സമ്മാനം; ഭോപ്പാലില്‍ ഒരു വ്യത്യസ്ത ക്രിക്കറ്റ് മത്സരം

ഭോപ്പാല്‍: പിടി തരാതെ കുതിച്ചു കൊണ്ടിരിക്കുകയാണ് രാജ്യത്തെ പെട്രോള്‍ഡീസല്‍ പാചകവാതക വില. രാജ്യത്ത് ഏറ്റവും മൂല്യമേറിയ അവശ്യസാധനമായി ഇന്ധന വില മാറിക്കഴിഞ്ഞു. അപ്പോള്‍ ഒരു മത്സരത്തിലെ ജേതാവിന് സമ്മാനമായി പെട്രോള്‍ തന്നെ നല്‍കിയാലോ

ഭോപ്പാലില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് വിജയിക്ക് പെട്രോള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദി മാച്ച് ആയ മത്സരാര്‍ത്ഥിക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ ആണ് സംഘാടകര്‍ നല്‍കിയത്. ഞായറാഴ്ച്ച നടന്ന ഫൈനല്‍ മത്സരത്തില്‍ സലാഹുദ്ദീന്‍ അബ്ബാസി എന്നയാളാണ് മാന്‍ ഓഫ് ദി മാച്ച് ആയത്. മത്സരം കഴിഞ്ഞ് മാന്‍ ഓഫ് ദി മാച്ചിന് അഞ്ച് ലിറ്റര്‍ പെട്രോള്‍ സമ്മാനം നല്‍കുന്നതിന്റെ ചിത്രം ട്വിറ്ററില്‍ വൈറലാണ്. രാജ്യത്ത് പെട്രോള്‍ഡീസല്‍ വില കുതിച്ചുയരുന്ന സമയത്ത് ഇതിനേക്കാള്‍ മികച്ച ട്രോള്‍ ഇല്ലെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.

അടുത്തിടെ തിരുക്കുറല്‍ ഈരടികള്‍ കാണാതെ ചൊല്ലുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കുന്ന പമ്ബിനെ കുറിച്ചുള്ള വാര്‍ത്തയും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 93.05 രൂപയും ഡീസലിന് 87.53 രൂപയുമാണ് വില. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപയാണ് വില. ഡീസലിന് 81.47 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 88.60 രൂപയും.

അതേസമയം, ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഇന്ന് പ്രഖ്യാപിച്ച മോട്ടോര്‍ വാഹന പണിമുടക്ക് തുടരുകയാണ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തുടങ്ങിയ യൂണിയനുകളെല്ലാം പണിമുടക്കുന്നുണ്ട്. ബി.എം.എസ്. മാത്രമാണ് വിട്ടുനില്‍ക്കുന്നത്.

പണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തീയതി പിന്നീട് തീരുമാനിക്കും. പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍, പരീക്ഷകളും മാറ്റിവെച്ചു. ഇവ എട്ടിന് നടത്തും. സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. ടി.എച്ച്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ എട്ടിലേക്ക് മാറ്റിവെച്ചു.

രാജ്യത്ത് വീണ്ടും പാചകവാതക വില ഇന്നലെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ വധിച്ച് 826 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 100 രൂപയും.

KCN

more recommended stories