ലൈവ് ഷോയ്ക്കിടെ സ്റ്റുഡിയോ സെറ്റ് തകര്‍ന്ന് വീണു; മാധ്യമപ്രവര്‍ത്തകന് പരിക്ക്

ലൈവ് ഷോയ്ക്കിടെ സ്റ്റുഡിയോ സെറ്റിലെ ഒരു ഭാഗം തകര്‍ന്നു വീണ് മാധ്യമപ്രവര്‍ത്തകന് പരിക്ക്. ഇഎസ്പിന്‍ കൊളംബിയ ജേര്‍ണലിസ്റ്റ് കാര്‍ലോസ് ഓര്‍ഡസിനാണ് പരിക്കേറ്റത്. ലൈവിനിടെ നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ വൈറലായിട്ടുണ്ട്.ചാനലിലെ ലൈവ് ഷോയില്‍ പാനലിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ലോസ്. ഷോ പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് മോണിറ്റര്‍ പോലെ തോന്നിക്കുന്ന ഒരു വലിയ ഭാഗം ഇയാളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ കാര്‍ലോസിന്റെ മുഖം മുന്‍പിലെ ഡെസ്‌കില്‍ ശക്തമായി ഇടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്നുണ്ടായ സംഭവത്തില്‍ ഞെട്ടിത്തരിച്ച പരിപാടിയുടെ അവതാരകന്‍ കുറച്ച് നേരം അമ്ബരന്ന് നോക്കിയ ശേഷം ഷോയ്ക്ക് ഇടവേള പറയുന്നതാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്.

കാര്‍ലോസിന് ഉടന്‍ തന്നെ പ്രാഥമിക ചികിത്സകള്‍ നല്‍കിയിരുന്നു. ഇയാള്‍ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു ചെറിയ മുറിവും മൂക്കില്‍ ചെറിയ പരിക്കും മാത്രം മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് പരിശോധനയ്ക്ക് ശേഷം അറിയിച്ചിരിക്കുന്നത്. തനിക്ക് കുഴപ്പം ഒന്നുമില്ലെന്ന വിവരം ട്വിറ്ററിലൂടെ കാര്‍ലോസും അറിയിച്ചിട്ടുണ്ട്.

തനിക്ക് സുഖാശംസകള്‍ നേര്‍ന്നവര്‍ക്കും ആരോഗ്യത്തില്‍ ആശങ്ക അറിയിച്ച് പ്രതികരിച്ചവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു ഇയാളുടെ മറുപടി. വിദഗ്ധ പരിശോധനകള്‍ നടത്തിയെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും കാര്‍ലോസ് വ്യക്തമാക്കുന്നു. തനിക്കുണ്ടായ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.

KCN

more recommended stories