മമ്മൂട്ടി ചിത്രത്തിലെ വേഷത്തിനു പിന്നാലെ മമ്മൂട്ടിയുടെ ‘വണ്‍’ ട്രെയ്‌ലര്‍ പങ്കിട്ട് പാര്‍വതി

കടയ്ക്കല്‍ ചന്ദ്രന്റെ വരവിന് കയ്യടിച്ച് നടി പാര്‍വതി തിരുവോത്തും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പാര്‍വതി പങ്കിട്ടു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് മമ്മൂട്ടി ചിത്രം ‘പുഴു’വില്‍ പാര്‍വതി നായികയാവുന്ന വാര്‍ത്ത പുറത്തു വന്നത്. ഇതോടു കൂടി നീണ്ട നാളുകളായുള്ള വിവാദങ്ങളുടെ മഞ്ഞുരുകല്‍ ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേമികളും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതികരണത്തിന്റെ പേരിലാണ് പാര്‍വതി വാര്‍ത്തകളില്‍ ഇടം നേടിയത്. ശേഷം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പാര്‍വതിയുടെ നേതൃത്വത്തിലെ അഭിനേത്രികളുടെ ഒരു സംഘം തുറന്ന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാര്‍വതി ‘അമ്മ’ സംഘടനയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തിരുന്നു. തകര്‍പ്പന്‍ സീനുകളും മാസ് ഡയലോഗുകളുമായാണ് ട്രെയ്‌ലര്‍ പുറത്തുവന്നത്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചൂടും ചൂരും നിറഞ്ഞു നില്‍ക്കുന്ന ചിത്രമായിരിക്കും വണ്‍ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. കരുത്തനായ മുഖ്യമന്ത്രിയെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബിസഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വണ്‍ ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പിണറായി പങ്കു വെച്ചിരുന്നു.

കോവിഡ് പ്രതിസന്ധി കാരണം റിലീസ് മാറ്റിവച്ച ചിത്രം ‘വണ്‍’ മമ്മൂട്ടിയെ മുഖ്യമന്ത്രി കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമയാണ്. വണ്‍ എന്ന സിനിമയോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തിയപ്പോള്‍ മമ്മൂട്ടി മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദര്‍ശിച്ചിരുന്നു. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് ‘വണ്‍’. ഇതിന് മുന്‍പും മുഖ്യമന്ത്രിയും മമ്മൂട്ടിയും വേദി പങ്കിട്ടിട്ടുണ്ട്.

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസും സിന്‍ സില്‍ സെല്ലുലോയിഡും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. എസ്. ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം രതീനയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

KCN

more recommended stories