മലയാളിയുടെ ‘ഹൃദയഗീതങ്ങളുടെ കവി’; 81 ന്റെ നിറവില്‍ ശ്രീകുമാരന്‍ തമ്പി

മലയാളികളുടെ ‘ഹൃദയഗീതങ്ങളുടെ കവി’ ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് 81ാം പിറന്നാള്‍. കളരിക്കല്‍ കൃഷ്ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളില്‍ മൂന്നാമനായി 1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ശ്രീകുമാരന്‍ തമ്ബി ജനിച്ചത്. മലയാള സിനിമാ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഏടാണ് ശ്രീകുമാരന്‍ തമ്പി എഴുതി ചേര്‍ത്തത്.

ഏകദേശം മൂവായിരത്തിലധികം ഗാനങ്ങള്‍ മലയാള ചലച്ചിത്രരംഗത്ത് ശ്രീകുമാരന്‍ തമ്പിയുടെ സംഭാവനയാണ്. 1966ല്‍ പുറത്തിറങ്ങിയ കാട്ടുമല്ലിക എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയാണ് ചലച്ചിത്ര ലോകത്ത് ശ്രീകുമാരന്‍ തമ്ബിയുടെ അരങ്ങേറ്റം. കൂടാതെ, മുപ്പതോളം സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ഗാനരചനയ്കക്കും സംവിധാനത്തിനും പുറമേ, തിരക്കഥാ രചനയിലും സജീവമായിരുന്നു അദ്ദേഹം. എഴുപത്തിയെട്ട് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. തോപ്പില്‍ ഭാസിക്കും എസ്.എല്‍. പുരത്തിനും ശേഷം മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരന്‍ കൂടിയാണ് ശ്രീകുമാരന്‍ തമ്ബി.

പ്രണയഗാനങ്ങള്‍ എഴുതുന്നതിലെ അസാമാന്യമായ വൈഭവമാണ് ‘ഹൃദയഗീതങ്ങളുടെ കവി’എന്ന വിശേഷണത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. വയലാര്‍ രാമവര്‍മ്മ, പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ് എന്നിവര്‍ക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്ബുഷ്ടമാക്കിയ കവികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.

67 ല്‍ പുറത്തിറങ്ങിയ ചിത്രമേളയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. തുടര്‍ന്ന് രചിച്ച ഓരോ ഗാനങ്ങളും മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടി. ഗാനരചനയില്‍ നിന്നും തിരക്കഥാകൃത്തും നിര്‍മാതാവും സംവിധായകനുമൊക്കെയായി മാറിയ ശ്രീകുമാരന്‍ തമ്ബിയുടെ ‘മോഹിനിയാട്ടം’ എന്ന സിനിമയാണ് മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ സിനിമയായി കരുതപ്പെടുന്നത്. 1976 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‌റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിര്‍വഹിച്ചത് ശ്രീകുമാരന്‍ തമ്ബി തന്നെയായിരുന്നു. ചിത്രത്തിന്റെ സഹ നിര്‍മാതാവ് കൂടിയായിരുന്നു അദ്ദേഹം. ലക്ഷ്മിയായിരുന്നു ചിത്രത്തിലെ മോഹിനി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.

എഞ്ചിനീയറിങ് ബിരുദ്ധധാരിയായ ശ്രീകുമാരന്‍ തമ്ബി 1966ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ജോലി രാജിവെച്ചാണ് കലാരംഗത്ത് സജീവമാകുന്നത്. നടനും ഗായകനുമായിരുന്ന വൈക്കം എംപി മണിയുടെ മകള്‍ രാജേശ്വരിയാണ് ഭാര്യ. കവിത, രാജകുമാരന്‍ എന്നീ രണ്ടുമക്കളായിരുന്നു. സംവിധായകനായിരുന്ന രാജകുമാരന്‍ തമ്ബി 2009 ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

സിനിമയ്ക്ക് പുറമേ, ആറ് ടെലിവിഷന്‍ പരമ്ബരകള്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ, നാല് കവിതാസമാഹരങ്ങളും രണ്ട് നോവലുകളും അദ്ദേഹം രചിച്ചു. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ക്കു നല്‍കപ്പെടുന്ന ജെ സി ഡാനിയേല്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി.

വാക്കുകളില്‍ സുഗന്ധം നിറച്ച് മലയാളികളെ ആസ്വാദനത്തിന്റെ അനുഭൂതി അറിയിച്ച കവിക്ക് ഒരായിരം ജന്മദിനാശംസകള്‍.

KCN

more recommended stories