വോട്ടിംഗ് കുറഞ്ഞെങ്കിലും വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ഇനി കൂട്ടലും കുറയ്ക്കലുമായി നേതാക്കള്‍

കോട്ടയം: പോളിംഗില്‍ അഞ്ച് ശതമാനത്തോളം കുറവ് വന്നത് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ തങ്ങളെ ദോഷകരമായി ബാധിക്കില്ലായെന്നാണ് മുന്നണികളുടെ അവകാശവാദം. 2016ലെ തിരഞ്ഞെടുപ്പ് ശതമാനം 76.90 ആയിരുന്നെങ്കില്‍ ഇക്കുറി അത് 72.13 ശതമാനമായി കുറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട വിജയമാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. ഇടതുമുന്നണിക്ക് നേരിടാന്‍ പോവുന്നത് ദയനീയ പരാജയമാവുമെന്നാണ് യു.ഡി.എഫ് വ്യക്തമാക്കുന്നത്. ഏതായാലും ജനങ്ങളുടെ വിധിയെഴുത്ത് പുറത്തുവരണമെങ്കില്‍ നേതാക്കളും അണികളും 25 ദിവസം കാത്തിരിക്കണം. ഇതിനിടയില്‍ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍ സജീവമാവും.

ജില്ലയിലെ 15,93,575 വോട്ടര്‍മാരില്‍ 11,43,471 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ജില്ലയിലെ 9 ബൂത്തുകളിലും രാവിലെ തന്നെ കനത്ത പോളിംഗായിരുന്നു. പക്ഷേ, ഉച്ചയോടെ അത് മെല്ലെയായി. ഉച്ചകഴിഞ്ഞ് പെയ്ത മഴ പോളിംഗിനെ സാരമായി ബാധിച്ചു.

തീ പാറുന്ന പോരാട്ടം നടത്ത പാലായിലും പൂഞ്ഞാറിലും വോട്ടുചെയ്തവരുടെ എണ്ണം കുറഞ്ഞത് സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ഞെട്ടിപ്പിച്ചു. 2016ല്‍ പാലായില്‍ 77.25 ശതമാനമായിരുന്നു പോളിംഗ് എങ്കില്‍ ഇക്കുറി അത് 72.54 ആയി കുറഞ്ഞു. പൂഞ്ഞാറിലാവട്ടെ 79.15ല്‍ നിന്ന് 72.47 ശതമാനമായി. ഇത് ആര്‍ക്ക് ഗുണകരമാവുമെന്നാണ് അറിയേണ്ടത്.

കേരള കോണ്‍ഗ്രസുകാര്‍ നേര്‍ക്കുനേരെ പോരാടിയ ചങ്ങനാശേരിയിലും കടുത്തുരുത്തിയിലും പോളിംഗ് ശതമാനം കുറഞ്ഞു. ചങ്ങനാശേരില്‍ കഴിഞ്ഞതവണ 75.1 ശതമാനത്തില്‍ നിന്നും 70.29 ശതമാനമായാണ് കുറഞ്ഞത്. കടുത്തുരുത്തിയില്‍ ഇത് 69.39 ല്‍ നിന്ന് 68.02 ശതമാനമായി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും പോളിംഗ് ശതമാനം കുറഞ്ഞു. 77.14ല്‍ നിന്ന് 73.22 ആയിട്ടാണ് കുറഞ്ഞത്. ഏറ്റുമാനൂരിലും അഞ്ചു ശതമാനം പോളിംഗാണ് കുറഞ്ഞത്. 79.69ല്‍ നിന്നും 72.88 ശതമാനമായി. കാഞ്ഞിരപ്പള്ളിയില്‍ 72.12 ശതമാനം വോട്ടര്‍മാരാണ് ബൂത്തിലെത്തിയത്. കഴിഞ്ഞ തവണ ഇത് 76.1 ശതമാനമായിരുന്നു. വനിതകള്‍ ഏറ്റുമുട്ടിയ വൈക്കത്ത് 75.51 ശതമാനം ആളുകളേ ഇക്കുറി വോട്ട് ചെയ്തുള്ളു. 2016ല്‍ 80.75 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു. ചുരുക്കത്തില്‍ പ്രചാരണത്തില്‍ മുന്നണികള്‍ തീ പാറിച്ചെങ്കിലും ജനങ്ങള്‍ അത് ഉള്‍ക്കൊണ്ടില്ലായെന്നതാണ് കരുതേണ്ടത്. മുന്നണി നേതാക്കള്‍ ശുഭ പ്രതീക്ഷയിലാണെങ്കിലും ഉള്ള് കാളുകയാണെന്നതാണ് വാസ്തവം. റിസള്‍ട്ട് വരുന്ന മെയ് രണ്ടുവരെ ഈ അവസ്ഥ തുടരും.

KCN

more recommended stories