അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടത്; ഹാര്‍ദിക് പാണ്ഡ്യ

കാസര്‍കോട്: ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ബാറ്റു കൊണ്ടും ബോളു കൊണ്ടും അദ്ദേഹം ടീമിന് നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. ഐ പി എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ നെടും തൂണായ പാണ്ഡ്യ ഈയിടെ മുംബൈ ഇന്ത്യന്‍സ് ട്വിറ്ററിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് സംസാരിച്ചിരുന്നു. ലോക ആരോഗ്യ ദിനത്തിലാണ് ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ മാനസികാര്യോഗത്തിന്റെ പങ്കിനെക്കുറിച്ച് ഹാര്‍ദിക് സംസാരിച്ചത്. എന്നും മനസിന് കുളിര്‍മയേകിയ കുടുംബാംഗങ്ങള്‍ക്ക് ഹാര്‍ദിക് നന്ദിയും അറിയിച്ചു.

പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഹാര്‍ദിക് ഈയിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഈ ജനുവരിയില്‍ താരത്തിന്റെ അച്ഛന്‍ മരണപ്പെട്ടിരുന്നു. ‘അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുമ്‌ബോള്‍ സമ്മര്‍ദ്ദം വളരെ കൂടുതലാണ്. ജീവിതം മാറിമറിയുന്നു. പക്ഷെ, ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഏത് സാഹചര്യവും മറികടക്കാന്‍ നാം തയ്യാറാകണം. മാനസികാരോഗ്യം ഇതിനൊക്കെ പ്രധാനമാണ്. എന്റെ കുടുംബം അതിലൊരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.’ ഹാര്‍ദിക് പറഞ്ഞു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയത് കോവിഡ് മഹാമാരികാലത്താണെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. ബയോ ബബിളുകളിലും മറ്റ് നിയന്ത്രണങ്ങളിലുമാണ് താരങ്ങള്‍ മത്സരങ്ങള്‍ക്ക് തയ്യാറെടുത്തിരുന്നത്. ശാരീരികക്ഷമതയേക്കുറിച്ചും താരം സംസാരിച്ചു. ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനായി എന്തെങ്കിലും ഒരു കാര്യം എന്നും ചെയ്യണമെന്നും ഇത് വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണെന്നും ഹാര്‍ദിക് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയിലും ഏകദിനത്തിലും ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ക്രൂണാലിനെയും ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് തല്ലി ചതച്ചിട്ടും ഹാര്‍ദിക് പാണ്ഡ്യയെക്കൊണ്ട് ബൗള്‍ ചെയ്യിച്ചിരുന്നില്ല. വരാനിരിക്കുന്ന ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലും ടി20 ലോകകപ്പിലും താരത്തിന്റെ സാന്നിധ്യം ടീമിന് ആവശ്യമാണെന്നും പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ പാണ്ട്യയുടെ ജോലിഭാരം കുറക്കാന്‍ വേണ്ടിയുമാണ് അങ്ങനെ തീരുമാനിച്ചതെന്നായിരുന്നു കോഹ്ലിയുടെ വിശദീകരണം.

ഇരുപത്തിയേഴുകാരന്‍ ഹാര്‍ദിക് 2019 ല്‍ നടുവിന് ഒരു സര്‍ജറിക്ക് വിധേയനായിരുന്നു. അതിനുശേഷം കഴിഞ്ഞ സീസണിലെ ഐ പി എല്ലിലാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ അദ്ദേഹം ബൗള്‍ ചെയ്തിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയില്‍ 17 ഓവറോളം ബൗള്‍ ചെയ്ത ഹാര്‍ദിക് 6.50 ശരാശരിയില്‍ മാത്രമാണ് റണ്‍സ് വഴങ്ങിയത്. ഹാര്‍ദിക്കിന്റെ ബൗളിംഗ് ടി20 പരമ്ബര സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

KCN

more recommended stories