കൊവിഡ് വാക്സിനേഷനില്‍ മുന്നില്‍ കേരളം, ഇതുവരെ 10% പേര്‍ക്ക് കുത്തിവയ്പ് നല്‍കി

തിരുവനന്തപുരം: രാജ്യത്ത് കൊവിഡിനെ ചെറുക്കാനുള്ള പ്രതിരോധ വാക്സിന്‍ നല്‍കിയതില്‍ മുന്‍പന്തിയില്‍ കേരളം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ആറ് ശതമാനം വാക്‌സിനേഷനുമായി കര്‍ണാടകയാണ് കേരളത്തിന് പിന്നിലുള്ളത്. ആന്ധ്രാപ്രദേശ് (5%), തമിഴ്‌നാട് (4%) എന്നിങ്ങനെയാണ് വാക്‌സിനേഷന്റെ കണക്ക്. അതേസമയം, കൊവിഡിന്റെ രണ്ടാം വരവ് ശക്തമാകുന്നതിന് മുമ്പ് വാക്‌സിനേഷന്‍ ഡ്രൈവ് വേഗത്തില്‍ ആക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

10 ലക്ഷം പേരുടെ കണക്ക് എടുത്താല്‍1.04 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. കര്‍ണാടകയില്‍ ഇത് 63,645 ആന്ധ്രാപ്രദേശില്‍ 53,985 ഉം ആണ്. കേരളത്തിന്റെ പകുതി പോലും വാക്‌സിന്‍ നല്‍കാന്‍ തമിഴ്‌നാടിനോ, തെലങ്കാനയ്‌ക്കോ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടില്‍ 39,825ഉം തെലങ്കാനയില്‍ 35,313 പേര്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്.

നിയമസഭാ വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍ തന്നെ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടാനാണ് സാദ്ധ്യത. നിലവില്‍ 60ന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. അതിനാല്‍ തന്നെ രോഗബാധയുടെ തീവ്രത കുറയാന്‍ ഇത് സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.

കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ എറണാകുളം, കാസര്‍കോട്, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രോഗബാധ തീവ്രമാണ്. കണ്ണൂരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നുവെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധിക്കുന്നുണ്ട്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചിരുന്നതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിന് മുമ്ബ് രോഗബാധയുണ്ടായത് വാക്സിന്‍ നല്‍കുന്നത് വേഗത്തില്‍ ആക്കണമെന്നതിന്റെ സൂചനയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ കഴിഞ്ഞ കുറെ ആഴ്ചകളായി കൊവിഡ് രോഗികളുടെ എണ്ണം 1800 നും 2300നും ഇടയിലാണ്. ഇന്നലെ 4,353 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 4000 കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് (ടി.പി.ആര്‍) വീണ്ടും 5ന് മുകളിലെത്തി. 6.81 ആണ് ഇന്നലത്തെ ടി.പി.ആര്‍. ഒരിടവേളയ്ക്ക് ശേഷമാണ് ടി.പി.ആര്‍ വീണ്ടും അഞ്ച് ശതമാനത്തിന് മുകളില്‍ എത്തുന്നത്.

KCN

more recommended stories