ഇതൊരു ചരിത്രമാവട്ടെ, ചരിത്രങ്ങളുടെ ചരിത്രം; മരക്കാറിന് ആശംസകളുമായി ഷാജി കൈലാസ്

തീയേറ്ററുകളെ പൂരപ്പറമ്പാക്കി മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.

‘ചരിത്രമാവട്ടെ..ചരിത്രങ്ങളുടേയും ചരിത്രം..
കേരളത്തിന്റെ കടല്‍ ഞരമ്പുകളില്‍ കപ്പലോട്ടങ്ങളുടെ ഇതിഹാസങ്ങള്‍ തീര്‍ത്ത ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ കാഹളങ്ങള്‍ക്കു കാതോര്‍ക്കുകയായി…

ലോകനിലവാരമുള്ള സാങ്കേതികത്തികവുകള്‍ മലയാളത്തിലും സാധ്യമാകും എന്ന് തെളിയിച്ച പ്രിയദര്‍ശനും എന്നും വിജയങ്ങളുടെ മേഘനിര്‍ഘോഷങ്ങള്‍ തീര്‍ക്കാറുള്ള മോഹന്‍ലാലിനും ഈ ബിഗ് ബജറ്റ് ചിത്രത്തെ മലയാളിക്ക് സമ്മാനിക്കുന്ന ആശീര്‍വാദിനും ആന്റണി പെരുമ്പാവൂരിനും എന്റെ ഹൃദയത്തില്‍ നിന്നൊരു ദഫ്മുട്ട്..
ഇതൊരു ചരിത്രമാവട്ടെ..ചരിത്രങ്ങളുടെ ചരിത്രം..വീരേതിഹാസങ്ങളുടെ ചരിത്രം..വിസ്മയങ്ങളുടെ ചരിത്രം.. കുഞ്ഞാലി മരക്കാര്‍ ഒരു വ്യക്തിയല്ല..ഒരാശയമാണ്..ഒരിക്കലും തോല്‍ക്കില്ല എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവന്റെ ആരവം….’ ഷാജി കൈലാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചരിത്രം കുറിച്ചാണ് മരക്കാര്‍ തീയേറ്ററുകളിലെത്തിയത്. അര്‍ദ്ധരാത്രി 12 മണിക്ക് തുടങ്ങിയ ഫാന്‍സ് ഷോ മുതല്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. കൊച്ചി സരിതാ തീയേറ്ററില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും കുടുംബവും എത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി.

റിലീസിന് മുമ്പേ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.

റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം ഡിസംബര്‍ 2ന് ലോകവ്യാപകമായി റിലീസിനെത്തിയത്. മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. ദിവസേന 16,000 ഷോകള്‍ ചിത്രത്തിനുണ്ട്. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

KCN

more recommended stories