ലൈസൻസ്, ആർസി പ്രിന്റിങ് മൈസൂരു കമ്പനിയെ ഏൽപിക്കാൻ നീക്കം

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസും വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പ്രിന്റ് ചെയ്തു നൽകുന്നതു സ്വകാര്യ കമ്പനിയെ ഏൽപിക്കാൻ മോട്ടർ വാഹന വകുപ്പിൽ നീക്കം. മൈസൂരു ആസ്ഥാനമായ കമ്പനിയുടെ ഉടമകൾ മലയാളികളാണ്. ഇവരുടെ കൊച്ചി ചിറ്റേത്തുകരയിലെ ഓഫിസിൽ ലൈസൻസും ആർസിയും പ്രിന്റ് ചെയ്യാൻ സംവിധാനമുണ്ടോ എന്നു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ മധ്യമേഖലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്കു ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകി.

നിലവിൽ അതത് ആർടി ഓഫിസുകളിൽനിന്നാണ് ഇവ പ്രിന്റ് ചെയ്ത് അയയ്ക്കുന്നത്. ഇതിനായി അപേക്ഷകരിൽനിന്ന് ആർസി, ലൈസൻസ് എന്നിവ ഓരോന്നിനും 200 രൂപ ഈടാക്കുന്നുണ്ട്. വകുപ്പിനു നാമമാത്രമായ ചെലവു മാത്രമേ പ്രിന്റിങ്ങിന് ആകുന്നുള്ളൂ. ലൈസൻസിന്റെയും ആർസിയുടെയും വിതരണം കേന്ദ്രീകൃത സംവിധാനത്തിൽനിന്നു മതിയെന്ന് അടുത്തിടെ തീരുമാനിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫിസിൽനിന്ന് പ്ലാസ്റ്റിക് കാർഡാക്കി അയച്ചുകൊടുക്കാനായിരുന്നു തീരുമാനം.

ഇവ പ്രിന്റ് ചെയ്തു നൽകാൻ കമ്പനി താൽപര്യം പ്രകടിപ്പിച്ചു എന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ മധ്യമേഖലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്കു നൽകിയിരിക്കുന്ന നിർദേശത്തിൽ പറഞ്ഞിരിക്കുന്നത്. ഇതിനായി ടെൻഡർ വിളിക്കുകയോ പരസ്യം നൽകുകയോ ചെയ്തിട്ടില്ല.

 

KCN

more recommended stories