എസ്.ബി.ടി.കടുമേനി ശാഖയില്‍ വെട്ടിപ്പ്; പോലീസ് അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍ : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കടുമേനി ശാഖയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തി. സാമ്പത്തിക തിരിമറിയുടെ പേരില്‍ മുന്‍ അസിസ്റ്റന്റ് മാനേജര്‍ ജോയി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. ഉടമകള്‍ അറിയാതെ അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിച്ചും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ മ്യൂച്ചല്‍ഫണ്ട് നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. ബ്രാഞ്ച് മാനേജരുടെ പരാതിപ്രകാരം ചിറ്റാരിക്കാല്‍ പോലീസ് അന്വഷണം ആരംഭിച്ചു.
അസിസ്റ്റന്റ് മാനേജരായിരുന്ന ജോയി ജോസഫ് സ്ഥലംമാറിയതിന് ശേഷമാണ് തട്ടിപ്പിന്റെ വിവരം ബാങ്ക് അധികൃതര്‍ അറിഞ്ഞത്. എത്ര രൂപയുടെ തിരിമറിയാണ് നടന്നതെന്ന് കണക്കാക്കിയിട്ടില്ല. ഇരുപത് ലക്ഷം രൂപയുടെ തട്ടിപ്പ് ഇതുവരെ കത്തെിയതായി അറിയുന്നു. കാല്‍ നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന എസ്.ബി.ടി.കടുമേനി ശാഖയില്‍ ഇരുപതിനായിരത്തിലധികം അക്കൗണ്ട് ഉടമകള്‍ ഉണ്ട്. അതുകൊണ്ട് ഏതൊക്കെ അക്കൗണ്ടുകളില്‍ തിരിമിറി നടന്നിട്ടുണ്ടെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. ബാങ്ക് അധികൃതര്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണ്. സാമ്പത്തികതിരിമറിയില്‍ പണം നഷ്ടമായിട്ടുണ്ടോയെന്നറിയാന്‍ ബാങ്കിലെത്തി തങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ തേടുന്നുണ്ട്. എന്നാല്‍ ഇടപാടുകാര്‍ക്ക് ഒരുവിധ സാമ്പത്തികനഷ്ടവും വരില്ലെന്ന് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ പുറത്തുള്ള ചിലര്‍ക്കും പങ്കുള്ളതായി സംശയമുണ്ട്.

KCN

more recommended stories