ബാവിക്കര ആലൂരില്‍ താല്‍ക്കാലിക തടയണ നിര്‍മാണം തുടങ്ങി

ബോവിക്കാനം : വേനല്‍ക്കാലത്തെ ശുദ്ധജല വിതരണ പ്രതിസന്ധി പരിഹരിക്കുന്നതിന് ജല അതോറിറ്റി പയസ്വിനി പുഴയിലെ ബാവിക്കര ആലൂരില്‍ താല്‍ക്കാലിക തടയണ നിര്‍മാണം തുടങ്ങി. പമ്പിങ് സ്‌റ്റേഷനില്‍ നിന്നു മൂന്നു കി.മീറ്റര്‍ താഴ്ഭാഗത്തായി ആലൂരില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ച തടയണയ്ക്ക് സമീപത്താണ് പുതിയ തടയണയുടെ നിര്‍മാണം. 110 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന തടയണയുടെ വീതി മുകളില്‍ 1.5 മീറ്ററാണ്. പത്തുലക്ഷത്തോളം രൂപയാണ് മതിപ്പു ചെലവ്. പകുതി ഭാഗത്തോളം പണി കഴിഞ്ഞു. നിര്‍മാണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാകും.

മണല്‍ ചാക്കുകള്‍ അട്ടിവച്ച് ഇതിനിടയില്‍ മണ്ണ് നിറച്ചാണ് തടയണ നിര്‍മിക്കുന്നത്. വേനല്‍ക്കാലത്ത് പമ്പിങ് സ്‌റ്റേഷന്റെ ജല സംഭരണിയില്‍ വെള്ളം തടഞ്ഞു നിര്‍ത്തുന്നതിനും വേലിയേറ്റ സമയത്ത് ചന്ദ്രഗിരി പുഴയിലെ ഉപ്പുവെള്ളം ഇതിലേക്ക് കയറുന്നത് തടയുന്നതിനുമാണ് വര്‍ഷം തോറും ലക്ഷങ്ങള്‍ ചെലവഴിച്ച് ജല അതോറിറ്റി പയസ്വിനി പുഴയില്‍ തടയണ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിര്‍മിച്ച തടയണ ഒരാഴ്ചക്കകം തകര്‍ന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നു വീണ്ടും രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് തടയണ പുനര്‍ നിര്‍മിച്ചത്.

ലക്ഷങ്ങള്‍ ഇങ്ങനെ വെള്ളത്തില്‍ കളയുന്നതിനോടൊപ്പം തന്നെ തടയണ നിര്‍മാണത്തിനായി പുഴയില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ നീക്കാത്തതും പ്രശ്‌നമാകുന്നു. തടയണയ്ക്കായി വര്‍ഷംതോറും പതിനായിരക്കണക്കിനു പ്ലാസ്റ്റിക് ചാക്കുകളാണ് ഇവിടെ
കൊണ്ടിടുന്നത്. ഇവ എടുത്ത് മാറ്റാത്തത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുകയും അടിത്തട്ട് ക്രമാതീതമായി കുഴിയുന്നതിനും കാരണമാകുന്നു. മറ്റു പരിസ്ഥിതി പ്രശ്‌നങ്ങള്‍ വേറെ. ജല അതോറിറ്റി അധികൃതര്‍ ഇതിനെതിരെ മൗനം പാലിക്കുകയാണ്. ഇതിനു ശാശ്വത പരിഹാരമെന്ന നിലയില്‍ ആലൂര്‍ മുമ്പത്ത് നിര്‍മിക്കുന്ന സ്ഥിരം തടയണയുടെ നിര്‍മാണം എങ്ങുമെത്താതെ കിടക്കുകയാണ്.

എസ്റ്റിമേറ്റ് തയാറാക്കുന്ന സമയത്തേതിനെക്കാളും മൂന്നടിയോളം പുഴയുടെ അടിത്തട്ട് താഴ്ന്നതിനാല്‍ നിലവിലെ രൂപ രേഖയനുസരിച്ച് നിര്‍മാണം സാധ്യമല്ലെന്ന സാങ്കേതിക നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍മാണം നിലച്ചത്. ഇതിന്റെ രൂപരേഖ മാറ്റിയും എസ്റ്റിമേറ്റ് പുതുക്കിയും റിപ്പോര്‍ട്ട് ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐഡിആര്‍ബിക്കും സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിച്ച് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.

KCN

more recommended stories