പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന് കൊടിയേറി

palakunnu
ഉദുമ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പാലക്കുന്ന് ഭരണി മഹോത്സവത്തിന് കൊടിയേറി. ഭണ്ഢാര വീട്ടില്‍ നിന്നും ദേവീ ദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിത തിടമ്പുകളും തിരുവായുധങ്ങളും മറ്റും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചതിനുശേഷമാണ് ഭരണി മഹോത്സവത്തിന് കൊടിയേറിയത്. തുടര്‍ന്ന് കരിമരുന്ന പ്രയോഗവും നടന്നു. നിരവധി ഭക്ത ജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി.
വെള്ളിയാഴ്ച രാത്രി 9.30ന് കണ്ണൂര്‍ നടന കലാക്ഷേത്രം അവതരിപ്പിക്കുന്ന കടാങ്കോട്ട് മാക്കം എന്ന നൃത്ത സംഗീത നാടകമുണ്ടായിരിക്കും.മാര്‍ച്ച് 1ന് താലപ്പൊലി ഉത്സവം, ഉച്ചയ്ക്ക് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പ്രാദേശിക സമിതികളുടെ ആഭിമുഖ്യത്തില്‍ അന്നദാനം നടത്തും. അന്ന് രാത്രി 9.30ന് എരോല്‍ ആറാട്ട്കടവ് പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളും രാത്രി 10.30ന് കരിപ്പോടി പ്രാദേശിക മാതൃസമിതിയുടെ നേതൃത്വത്തില്‍ ‘അവതാര്‍ ‘ കലാപരിപാടിയും ഉണ്ടാകും. 2ന് ആയിരത്തിരി മഹോത്സവവും, തിരുമുല്‍ക്കാഴ്ചാ സമര്‍പ്പണവും നടക്കും. തുടര്‍ന്ന് കാഴ്ചാകമ്മിറ്റികള്‍ വകയും ക്ഷേത്രം വകയായും കരിമരുന്ന് പ്രയോഗം ഉണ്ടാകും. 3ന് പുലര്‍ച്ചയോടെ കൊടിയിറങ്ങി ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ ഭരണി മഹോത്സവത്തിന് സമാപനം കുറിക്കും. ഉത്സവത്തിന്‍റെ ഭാഗമായി മാര്‍ച്ച് 2ന് വൈകിട്ട് മുതല്‍ പിറ്റേന്ന് പുലര്‍ച്ച വരെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കെ.എസ്.ആര്‍ .ടി.സിയും സ്വകാര്യബസുകളും പ്രത്യേക സര്‍വ്വീസ് നടത്തും. 3ന് രാവിലെ തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്സ്പ്രസിന് കോട്ടിക്കുളം റെയില്‍വെസ്റ്റേഷനില്‍ പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

KCN

more recommended stories