ലോകകേരള സഭയില്‍ നേതാക്കള്‍ പങ്കെടുക്കില്ല; ബാര്‍ കോഴയില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: മദ്യനയം പൊളിച്ചെഴുതി ബാറുടമകള്‍ക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ യുഡിഎഫ് തീരുമാനം. തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി ഇന്നലെ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലാണ് ബാര്‍ കോഴയില്‍ അടിയന്തരമായി പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായി ഘടകകക്ഷികള്‍ അവരുടേതായ രീതിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.

നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി വിഷയം ഉന്നയിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം സഭയിലും ഉന്നയിക്കും. പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂര്‍ത്തടിക്കുന്ന ലോകകേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എംഎം ഹസന്‍ വ്യക്തമാക്കി. അതേസമയം, പ്രവാസികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയില്‍ യുഡിഎഫിന്റെ പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് ലോകകേരള സഭയില്‍ പങ്കെടുക്കാം.
കഴിഞ്ഞ ലോകകേരള സഭകള്‍ പ്രവാസികളുടെ ക്ഷേമത്തിനായി യാതൊന്നു ചെയ്തിട്ടില്ലെന്ന് യോഗം വിലയിരുത്തി. സ്പീക്കര്‍ അധ്യക്ഷനായി നിയമസഭയുടെ മാതൃകയില്‍ ലോകകേരള സഭ നടത്തുന്നുവെന്ന ആശയത്തിനോട് യുഡിഎഫിന് വിയോജിപ്പുണ്ട്. പ്രതിനിധികള്‍ ബില്ല് അവതരിപ്പിക്കുന്നതും മുഖ്യമന്ത്രി ബില്ല് അംഗീകരിക്കുന്നതുമൊക്കെ അനുചിതമാണ്. നിയമസഭയുടെ ശങ്കരന്‍തമ്പി ഹാളില്‍ പരിപാടി നടക്കുന്നുവെന്നതല്ലാതെ നിയമസഭയുമായി ഈ പരിപാടിക്ക് യാതൊരു ബന്ധവുമില്ല. കഴിഞ്ഞ ലോകകേരള സഭകളുടെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.

മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കി. യുഡിഎഫ് നടപ്പാക്കിയ ഓപ്പറേഷന്‍ അനന്ത അട്ടിമറിച്ച് തലസ്ഥാന നഗരത്തെ വെള്ളത്തില്‍ മുക്കി. എട്ടുകൊല്ലം സംസ്ഥാന ഭരണവും 25 കൊല്ലമായി കോര്‍പ്പറേഷന്‍ ഭരണവും നടത്തുന്ന സിപിഎമ്മിന് ഇക്കാര്യത്തില്‍ യാതൊരു താല്‍പ്പര്യവുമില്ല. സ്‌കൂള്‍ തുറക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ നഗരത്തിലെ സ്മാര്‍ട് റോഡുകളെല്ലാം പൊളിഞ്ഞു കിടക്കുകയാണ്. ജൂണ്‍ 15നകം പണി തീരുന്ന ലക്ഷണവുമില്ല. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിടുന്ന മേയര്‍ക്ക് കാല്‍നട യാത്രക്കാരുടെ മേല്‍ ചെളിവെള്ളം തെറിപ്പിക്കുന്ന ഏതെങ്കിലും വാഹനം തടയാന്‍ ധൈര്യമുണ്ടോയെന്ന് ചോദിച്ച യുഡിഎഫ് കണ്‍വീനര്‍, യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകള്‍ യാത്ര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

KCN